കത്ത് വിവാദം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയിൽ: ആര്യാ രാജേന്ദ്രൻ നിലപാട് അറിയിക്കും
|മേയർക്ക് പറയാനുള്ളത് കേട്ട ശേഷം ഹരജിയിൽ തീരുമാനമെടുക്കുമെന്ന് കോടതി അറിയിച്ചിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ ഹൈക്കോടതിയില്‍ ഇന്ന് നിലപാട് അറിയിക്കും. മേയർക്ക് പറയാനുള്ളത് കേട്ട ശേഷം ഹരജിയിൽ തീരുമാനമെടുക്കുമെന്ന് കോടതി അറിയിച്ചിരുന്നു .
താന്‍ തലസ്ഥാനത്ത് ഇല്ലാത്ത സമയത്ത് പുറത്ത് വന്ന കത്ത് വ്യാജമാണെന്ന നിലപാട് മേയര്‍ ആവര്‍ത്തിക്കാനാണ് സാധ്യത. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ കൗൺസിലർ ജി.എസ് ശ്രീകുമാർ ആണ് ഹരജി നൽകിയിരിക്കുന്നത്.
അതേസമയം കത്ത് വിവാദത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങി . ആദ്യഘട്ട മൊഴികൾ പരിശോധിച്ച ശേഷം ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം. പരാതിക്കാരിയായ മേയർ ആര്യാ രാജേന്ദ്രന്‍റെ മൊഴി ഇന്നലെ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. അതിനിടെ, മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളുടെ സമരം ഇന്നും തുടരും.