'തൊഴിലാളി വര്‍ഗത്തിന്റെ ജീവിതവും പോരാട്ടവും ഷെരീഫിലൂടെ അടുത്തറിഞ്ഞു'; ഓട്ടോ ഡ്രൈവറുടെ മരണത്തില്‍ അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി
|2021 ഏപ്രിലിലെ വയനാട് സന്ദര്‍ശന വേളയില്‍ ഷെരീഫുമായി സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നതായി രാഹുല്‍ മനസ്സുതുറന്നു
കല്‍പ്പറ്റ: വാര്യാട് പാര്‍ക്കിങ് ഗ്രൗണ്ടിന് സമീപം നടന്ന അപകടത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ ഷെരീഫിനെ അനുസ്മരിച്ച് വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. 2021 ഏപ്രിലിലെ വയനാട് സന്ദര്‍ശന വേളയില്‍ ഷെരീഫുമായി സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നതായി രാഹുല്‍ മനസ്സുതുറന്നു. ഷെരീഫിന്റെ വിനയവും വിവേകവും തൊഴിലാളി വർഗത്തിന്റെ ജീവിതത്തെയും പോരാട്ടങ്ങളെയും കുറിച്ച് അടുത്തറിയാൻ സാധിച്ചതായും അദ്ദേഹത്തിന്റെ മരിക്കാത്ത ആത്മാവ് എന്നും പ്രചോദനമായിരിക്കുമെന്നും രാഹുല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഷെരീഫുമൊത്ത് ഓട്ടോയില്‍ സഞ്ചരിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചാണ് രാഹുല്‍ ഗാന്ധി അനുശോചനം അറിയിച്ചത്. അപകടത്തില്‍ പരിക്കേറ്റ ശാരദ വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഹുല്‍ ആശംസിച്ചു.
ഇന്നലെ രാവിലെ 11.30നാണ് വയനാടിനെ നടുക്കിയ അപകടം സംഭവിക്കുന്നത്. വാര്യാട് പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്നും അലക്ഷ്യമായി റോഡിലേക്ക് കയറിയ കാറില്‍ ഇടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന കെ.എസ്.ആര്.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ മുട്ടില്‍ എടപ്പെട്ടി വാക്കല്‍വളപ്പില്‍ വി.വി ഷെരീഫ്(50), എടപ്പെട്ടി ചുള്ളിമൂല പണിയ കോളനിയിലെ അമ്മിണി(49) എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന ചുള്ളുമൂല പണിയ കോളനിയിലെ ശാരദ(50) പരിക്കേറ്റ് ചികിത്സയിലാണ്. ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അമ്മിണിയും ശാരദയും ഷെരീഫിന്റെ ഓട്ടോയില്‍ കാക്കവയല്‍ കല്ലുപാടിയിലെ ട്രൈബല്‍ ആശുപത്രിയില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ കിറ്റ് വാങ്ങി തിരിച്ചുവരുമ്പോഴാണ് അപകടം സംഭവിച്ചത്.