കെപിസിസി ഭാരവാഹി പട്ടിക ഇന്നുണ്ടായേക്കും; മുതിർന്ന നേതാക്കളെ പിണക്കില്ല
|ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നൽകിയ പേരുകൾ കൂടി പരിഗണിച്ചാണ് അന്തിമ പട്ടിക തയാറാക്കുന്നത്
കെപിസിസി ഭാരവാഹികളുടെ പട്ടിക ഇന്ന് പ്രഖ്യാപിക്കാനായി തിരക്കിട്ട ചർച്ചകളാണ് ഡൽഹിയിൽ നടക്കുന്നത്. അന്തിമ പട്ടിക ഇന്ന് കൈമാറാമെന്നാണ് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവ് വിഡി സതീശനും കണക്കു കൂട്ടുന്നത്.
മുതിർന്ന നേതാക്കളിൽ നിന്നും പട്ടിക വാങ്ങുകയും കേന്ദ്രനേതൃത്വത്തിനു മുന്നിൽ ചർച്ചയ്ക്കായി എത്തിയ്ക്കുകയും ചെയ്തതോടെ പ്രധാനകടമ്പ കടന്നു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നൽകിയ പേരുകൾ കൂടി പരിഗണിച്ചാണ് അന്തിമ പട്ടിക തയാറാക്കുന്നത്. മുൻഗണന ക്രമത്തിലാണ് പേരുകൾ നൽകിയിരിക്കുന്നത്. ഗ്രൂപ്പുകളുടെ പട്ടികയിൽ നിന്ന് താഴെ നിന്ന് വെട്ടികളഞ്ഞാലും ആദ്യ പേരുകാരെ സംരക്ഷിച്ചാൽ മുതിർന്ന നേതാക്കൾ മുഖം കറുപ്പിക്കില്ല.
മുതിർന്ന നേതാവ്, വനിതാ, ദളിത് പ്രാതിനിധ്യം നിലനിർത്തിയായിരിക്കും വൈസ് പ്രസിഡന്റുമാരെ നിയമിക്കുന്നത്. കെപി അനിൽകുമാർ രാജിവച്ച ഒഴിവിൽ സംഘടനയുടെ ചുമതല വഹിക്കാൻ കഴിവുള്ള നേതാവിനെയായിരിക്കും തെരഞ്ഞെടുക്കുക. കെ.സുധാകരനു പൂർണ വിശ്വാസമുള്ള നേതാവിനെയായിരിക്കും ഈ ചുമതല ഏൽപ്പിക്കുക. ഭാരവാഹി പട്ടിക തയാറാക്കിയ ഉടൻ ഉന്നതാധികാര സമിതിയും വിപുലമാക്കും.