മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ലോകായുക്ത നാളെ വിധി പറയും
|പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് പരിഗണിക്കുന്നത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ലോകായുക്ത നാളെ വിധി പറയും. കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറഞ്ഞിരുന്നില്ല. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് പരിഗണിക്കുന്നത്. നാളെ രാവിലെ 10:30 നാണ് കേസ് പരിഗണിക്കുക.
മുഖ്യമന്ത്രി ഉൾപ്പെടെ 18 മന്ത്രിമാര്‍ക്കെതിരെയാണ് പരാതി. അന്തരിച്ച എം.എൽ.എ കെ.കെ രാമചന്ദ്രൻ, എൻ.സി.പി നേതാവ് ഉഴവൂര്‍ വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി സേവിക്കുന്നതിനിടെ അപകടത്തില്‍ മരണപ്പെട്ട പൊലീസുകാരൻ എന്നിവരുടെ കുടുംബങ്ങൾക്ക് സഹായം നൽകിയത് ചട്ടം ലംഘിച്ചാണെന്നാണ് പരാതി. എന്നാൽ ദുരിതാശ്വാസ നിധി സംബന്ധിച്ച് മന്ത്രിസഭയ്ക്ക് തീരുമാനിക്കാം എന്നാിരുന്നു സര്‍ക്കാര്‍ വാദം. അതേസമയം മന്ത്രിസഭാ തീരുമാനങ്ങൾ കോടതിയുടെ പരിശോധനക്കു പോലും വിധേയമാകേണ്ടെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാകില്ലെന്നായിരുന്നു ലോകായുക്തയുടെ നിലപാട്. നിർണായക ഭേദഗതിയിലൂടെ ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കിയ പശ്ചാത്തലത്തിലാണ് കേസ് പരിഗണിക്കുന്നത്.
2022 ഫെബ്രുവരി 5ന് ലോകായുക്തയിൽ വാദമാരംഭിച്ച ഹരജിയിൽ മാർച്ച് 18ന് വാദം പൂർത്തിയായിരുന്നു. പക്ഷേ ഒരു വർഷം പൂർത്തിയായിട്ടും പരാതിയിന്മേൽ വിധിയുണ്ടാകുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാരനായ ആർ.എസ് ശശികുമാർ മറ്റൊരു ഹരജി സമർപ്പിച്ചിരുന്നു.