Kerala
കാസര്‍കോട് അബൂബക്കർ സിദ്ദീഖ് കൊലപാതകം; മുഖ്യപ്രതി അറസ്റ്റിൽ
Kerala

കാസര്‍കോട് അബൂബക്കർ സിദ്ദീഖ് കൊലപാതകം; മുഖ്യപ്രതി അറസ്റ്റിൽ

Web Desk
|
2 Nov 2022 1:04 AM GMT

കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന അസ്ഫാനെ കോഴിക്കോട് വിമാനത്താവളത്തിൽ വെച്ചാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്

കാസര്‍കോട്: കാസർകോട് മുഗു റോഡിലെ അബൂബക്കർ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. പൈവളിഗെ ബായാർ കോളനിയിലെ അസ്ഫാൻ ആണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന അസ്ഫാനെ കോഴിക്കോട് വിമാനത്താവളത്തിൽ വെച്ചാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ജൂൺ 26നാണ് അബൂബക്കർ സിദ്ദീഖിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്. പൈവളിഗെയിലെ ആളൊഴിഞ്ഞ സ്ഥലത്തുള്ള ഇരുനില വീട്ടിൽ തടങ്കലിട്ട് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം മൃതദേഹം ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. കൊലപാതകത്തിന് ശേഷം അസ്ഫാൻ അടക്കമുള്ള പ്രതികൾ ഗൾഫിലേക്ക് കടന്നു. ഗൾഫിൽ നിന്നു നാട്ടിലെത്തിച്ചാണ് അസ്ഫാനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അബൂബക്കർ സിദ്ദീഖിനെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ സാമ്പത്തിക ഇടപാടുകളാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. സഹോദരൻ അൻവർ, സുഹൃത്ത് അൻസാരി എന്നിവരെയും സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചിരുന്നു. സംഭവത്തിലെ 16 പ്രതികളിൽ ഇത് വരെ ആറ് പേരെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. മറ്റു പ്രതികൾ വിദേശത്തേക്ക് കടന്നു. ഇവരെ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു. മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റു ചെയ്യാനാവുമെന്ന് അന്വേഷണ സംഘം പറയുന്നു.



Similar Posts