മിനി ലോറി ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്
|ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം
കൊല്ലം പള്ളിമുക്കിൽ തേങ്ങ കയറ്റി വന്ന മിനി ലോറി ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക് ഗുരുതര പരിക്ക്. തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുക്കാനായത് ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ്. തമിഴ്നാട് രജിസ്ട്രേഷന്‍ മിനിലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അതിവേഗത്തില്‍ വന്ന വാഹനം ട്രാന്‍സ്ഫോർമറില്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ട്രാന്‍സ്ഫോർമറിനും പോസ്റ്റിനുമിടയില്‍ വാഹനം കുടുങ്ങിയതിനാല്‍ രക്ഷാപ്രവര്‍ത്തനം ശ്രമകരമായിരുന്നു. ജെ.സി.ബിയടക്കം ഉപയോഗിച്ചാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. തമിഴ്നാട് സ്വദേശികളാണ് പരിക്കേറ്റ രണ്ടുപേരും. കൊല്ലം, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രികളിലായാണ് ഇവരെ പ്രവേശിപ്പിച്ചത്.
മൂന്നര മണിക്കൂറിനിടെ കൊല്ലത്ത് ഇത് രണ്ടാമത്തെ വാഹനാപകടമാണ്. നേരത്തെ ചവറയിൽ മിനിബസില്‍ ഇൻസുലേറ്റഡ് വാനിടിച്ച് നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചിരുന്നു. ഇന്നലെ രാത്രി 12.30ഓടെ ചവറ ദേശീയപാതയിൽ ഇടപ്പള്ളി കോട്ടക്ക് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.