Kerala
കേരളമായത് കൊണ്ട് മാത്രമാണ് വിവാദമായത്, സർക്കാരിന് വേണമെങ്കിൽ വിളിക്കാം- മാതാ പേരാമ്പ്ര ഡയറക്ടർ കനകദാസ്
Kerala

'കേരളമായത് കൊണ്ട് മാത്രമാണ് വിവാദമായത്, സർക്കാരിന് വേണമെങ്കിൽ വിളിക്കാം'- മാതാ പേരാമ്പ്ര ഡയറക്ടർ കനകദാസ്

Web Desk
|
10 Jan 2023 9:29 AM GMT

സ്വാഗതഗാനം അവതരിപ്പിച്ച മാതാ പേരാമ്പ്രയെ വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടികളിൽനിന്ന് മാറ്റിനിർത്തുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചിരുന്നു.

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവ സ്വാഗതഗാനത്തിലെ ദൃശ്യാവിഷ്‌ക്കരണം വിവാദമായിരുന്നു. സ്വാഗതഗാനം അവതരിപ്പിച്ച മാതാ പേരാമ്പ്രയെ വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടികളിൽനിന്ന് മാറ്റിനിർത്തുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാൽ പരിപാടികളിൽ പങ്കെടുപ്പിക്കുന്ന കാര്യം സർക്കാരിന് തീരുമാനിക്കാമെന്ന് മാതാ പേരാമ്പ്ര ഡയറക്ടർ കനകാദാസ് പറഞ്ഞു. വേണമെങ്കിൽ വിളിക്കും വേണ്ടെങ്കിൽ വിളിക്കില്ല, ലോകത്ത് മുഴുവൻ വേദികളുണ്ടെന്നും കനകദാസ് പ്രതികരിച്ചു.

''ഭീഷണി സന്ദേശങ്ങളും കോളുകളും വരുന്നുണ്ട്, അത് കാര്യമാക്കുന്നില്ല. വിവാദം ഉണ്ടാക്കേണ്ടിയിരുന്നില്ല, കേരളം ആയതുകൊണ്ടാണ് വിവാദമുണ്ടായത്. തുടക്കത്തിൽ വിവാദം ഉണ്ടായിരുന്നില്ല പരിപാടി കഴിഞ്ഞതിന് ശേഷം എല്ലാവരും അഭിനന്ദിച്ചു. ഉദ്ഘാടനത്തിന് ശേഷം സർക്കാർ ഉപഹാരവും നൽകി. ഫൈനൽ റിഹേഴ്‌സലിന് കോസ്റ്റ്യൂം ഉണ്ടായിരുന്നില്ല''- കനകദാസ് പറഞ്ഞു.

അതേസമയം, വിഷയത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐ.എ.എസിന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകിയത്.

കലോത്സവ ഗാനത്തിലെ പരാമർശവിധേയമായ ഭാഗം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നിലപാടല്ല. സ്‌കൂൾ കലോത്സവത്തിന്റെ ഓരോ വിഭാഗവും നിയന്ത്രിക്കുന്നത് അധ്യാപക സംഘടനകളാണ്. സ്വാഗതഗാനം ഒരു സമിതി സ്‌ക്രീൻ ചെയ്തിരുന്നു. എന്നാൽ, സ്റ്റേജ് ഡ്രെസ്സിൽ അല്ലായിരുന്നു സ്‌ക്രീനിങ് എന്നാണ് അറിയാൻ കഴിഞ്ഞതെന്നും മന്ത്രി സൂചിപ്പിച്ചു.

Similar Posts