മുടങ്ങികിടക്കുന്ന ബില്ലുകളിൽ തീരുമാനം ഉണ്ടാക്കാൻ മന്ത്രിമാർ ഗവർണറെ കാണുന്നു
|അഞ്ച് മന്ത്രിമാരാണ് കൂടിക്കാഴ്ചക്കായി രാജ്ഭവനിലെത്തിയത്
തിരുവനന്തപുരം: നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ വിശദീകരണം നല്കാന് മന്ത്രിമാർ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തുന്നു. അഞ്ച് മന്ത്രിമാരാണ് കൂടിക്കാഴ്ചക്കായി രാജ്ഭവനിലെത്തിയത്. പി.രാജീവ്, ആർ.ബിന്ദു, വി.എൻ വാസവൻ, ജെ.ചിഞ്ചു റാണി, വി.അബ്ദുറഹിമാൻ എന്നിവരാണ് ഗവർണറുമായി കൂടികാഴ്ച നടത്തുന്നത്. മന്ത്രിമാരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ചില ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടേക്കും. ഭരണപരമായ കാര്യങ്ങൾ വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയാണെന്നും ഇതുവരെയും അത്തരം വിശദീകരണം മുഖ്യമന്ത്രി നൽകിയിട്ടില്ലെന്നും ഗവർണർ പറഞ്ഞു.
സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറ് പുലർത്താനാണെന്നും അത് നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്താൻ താൻ സദാ ജാഗരൂകൻ ആയിരിക്കുമെന്നും ഗവർണർ പറഞ്ഞു. സർക്കാറിനെതിരെരായ പരാതികൾ അന്വേഷിക്കണമോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരല്ലെന്നും ഭരണഘടന തത്വങ്ങൾ പാലിക്കാൻ താൻ ജാഗ്രത പാലിക്കുമെന്നും പറഞ്ഞ ഗവർണർ ഏക സിവിൽ കോഡിൽ ഉറച്ചു നിന്ന നിലപാടിൽ നിന്ന് ഇടത് പാർട്ടികൾ മാറുന്നെന്നും ഇപ്പോഴത്തെ പുതിയ നിലപാട് പുതിയ രാഷ്ട്രീയ സഖ്യങ്ങൾക്ക് വേണ്ടിയാവാമെന്നും കൂട്ടിച്ചേർത്തു.