Kerala
കാണാതായ കുട്ടി കന്യാകുമാരിയിൽ? പൊലീസ് സംഘം തമിഴ്നാട്ടിലേക്ക്
Kerala

കാണാതായ കുട്ടി കന്യാകുമാരിയിൽ? പൊലീസ് സംഘം തമിഴ്നാട്ടിലേക്ക്

Web Desk
|
21 Aug 2024 12:50 AM GMT

കുട്ടി ട്രെയിനിൽ ഇരിക്കുന്ന ചിത്രം പുറത്തുവന്നു

തിരുവനന്തപുരം: കഴക്കൂട്ടത്ത് കാണാതായ അതിഥി തൊഴിലാളികളുടെ മകൾ കന്യാകുമാരിയിലെത്തിയതായി സംശയം. കുട്ടി കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ യാത്ര ചെയ്തതായുള്ള വിവരം ലഭിച്ചു. പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

കന്യാകുമാരി പൊലീസിനെ വിവരമറിയിച്ചിട്ടുണ്ട്. കുട്ടി തമ്പാനൂരിൽനിന്ന് ട്രെയിനിൽ കയറിയെന്നാണ് വിവരം. കുട്ടി ട്രെയിനിൽ ഇരിക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന യാത്രക്കാരിയാണ് ചിത്രം പകർത്തിയത്. ചിത്രം മാതാപിതാക്കൾ സ്ഥിരീകരിച്ചു. കുട്ടിയുടെ കയ്യിൽ 40 രൂപയും ബസ് ടിക്കറ്റുമാണുള്ളത്.

ട്രെയിനിൽ നിന്നുള്ള കുട്ടിയുടെ ചിത്രം പൊലീസിന് ലഭിച്ചത് പുലർച്ചെ മൂന്ന് മണിക്കാണ്. ഇതിന് പിന്നാലെയാണ് പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചത്. കന്യാകുമാരിക്ക് മുമ്പ് അഞ്ച് സ്റ്റോപ്പുകൾ കൂടി ട്രെയിനിനുണ്ടായിരുന്നു. ഈ സ്റ്റേഷനുകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയും 3 പുരുഷ പൊലീസ് ഉദ്യോഗസ്ഥരുമാണ് തമിഴ്നാട്ടിലേക്ക് യാത്ര തിരിച്ചത്.

ചൊവ്വാഴ്ച രാവിലെ പത്തിനാണ് അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിദ് തംസത്തെ കാണാതായത്. സഹോദരിമാരുമായി വഴക്കിട്ടതിന് മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ തസ്മിദ് വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

കുട്ടിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും കുട്ടി പോയത് ബാഗുമായാണെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യത്തിലുള്ളത് മകള്‍ തന്നെയാണെന്ന് മാതാവ് സ്ഥിരീകരിച്ചു.

കണിയാപുരം ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. സംഭവത്തിൽ കുടുംബം കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. അസാമീസ് ഭാഷ മാത്രമേ കുട്ടിക്ക് അറിയൂ.

അതേസമയം കുട്ടിയെ കണ്ടതയി സൂചന ലഭിച്ച അരോണയ് എക്സ്പ്രസ് ട്രെയിനില്‍ പാലക്കാട് നിന്നും പൊലീസ് പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പരിശോധനയ്ക്ക് പിന്നാലെ ട്രെയിന് പാലക്കാട് വിട്ടു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ നൽകിയിട്ടുള്ള നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ് - 9497960113, 9497980111.

Similar Posts