Kerala
മീഡിയവൺ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് എംപിമാർ കേന്ദ്രമന്ത്രിയെ കണ്ടു
Kerala

മീഡിയവൺ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് എംപിമാർ കേന്ദ്രമന്ത്രിയെ കണ്ടു

Web Desk
|
1 Feb 2022 9:04 AM GMT

ചാനലിന് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് എംപിമാർ നിവേദനം നൽകി

മീഡിയവണിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എംപിമാരുടെ സംഘം കേന്ദ്ര വാർത്ത വിതരണ-പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂറിനെ കണ്ടു. കെ സുധാകരൻ, എ.എം ആരിഫ്, ഇ.ടി മുഹമ്മദ് ബഷീർ, എൻ,കെ പ്രേമചന്ദ്രൻ,കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, അബ്ദുസ്സമദ് സമദാനി, ടിഎൻ പ്രതാപൻ, അടൂർ പ്രകാശ്,ഡീൻ കുര്യാക്കോസ് , രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവർ അടങ്ങുന്ന എംപിമാരുടെ സംഘമാണ് കേന്ദ്ര മന്ത്രിയെ കണ്ടത്. ചാനലിന് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് എംപിമാർ നിവേദനം നൽകി. മീഡിയവൺ വിലക്കിയത് കേന്ദ്രത്തിന്റെ ഏകപക്ഷീയ നടപടിയാണെന്ന് എംപിമാർ തുറന്നടിച്ചു. വിലക്ക് പിൻവലിക്കാൻ കേന്ദ്രമന്ത്രി നേരിട്ടിടപെടണമെന്നും എംപിമാർ ആവശ്യപ്പെട്ടു.

മീഡിയവണിനെതിരായ കേന്ദ്രസർക്കാർ നടപടിക്കെതിരെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പ്രതിഷേധം ശക്തമാണ്. വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി ഏകാധിപത്യം വളരുന്നതിൻറെ സൂചനയാണെന്ന് സംസ്ഥാന തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു. കേന്ദ്ര നടപടിക്കെതിരെ ഗൾഫിലും പ്രതിഷേധം ഉയരുന്നുണ്ട്. പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രകടനത്തിന് മീഡിയവൺ നിരോധനത്തിനെതിരായ പ്രതിഷേധമുയർന്നു. തുടർന്ന് നടന്ന പ്രതിഷേധം സംഗമം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ, മീഡിയവൺ എക്‌സിക്യുട്ടീവ് എഡിറ്റർ പി.ടി നാസർ എന്നിവർ സംസാരിച്ചു.

കണ്ണൂർ പൗരാവലി ഗാന്ധി സ്‌ക്വയറിൽ മാധ്യമ സ്വാതന്ത്ര്യ ഐക്യദാർഡ്യ സദസിൽ കെ.വി.സുമേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി.ദിവ്യ, ഡി.സി.സി.പ്രസിഡൻറ് അഡ്വ.മാർട്ടിൻ ജോർജ്,യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി എന്നിവർ പങ്കെടുത്തു. പാലക്കാട് സ്റ്റേഡിയം പരിസരത്ത് നടന്ന ബഹുജന സംഗമം മുതിർന്ന സി.പി.എം നേതാവും മുൻ എം.എൽ.എയുമായ കെ.കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. പത്രപ്രവർത്തക യൂണിയൻ ആലപ്പുഴയിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ പ്രസിഡൻറ് കളർകോട് ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഇടുക്കിയിൽ പ്രസിഡൻറ് എം.എൻ സുരേഷും കാസർകോട് പ്രസിഡൻറ് മുഹമ്മദ് ഹാഷിം എന്നിവരും പ്രതിഷേധത്തിന് നേതൃത്വം നൽകി. വ്യക്തമായ കാരണം കാണിക്കാതെ മീഡിയ വണിനെ നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്ന് കെ.യു.ഡബ്ള്യു.ജെ മിഡിൽ ഈസ്റ്റ് ഘടകം അഭിപ്രായപ്പെട്ടു

Similar Posts