Kerala
ഹരിത വിവാദ കാലത്ത് പുറത്താക്കിയ എം എസ്.എഫ് ഭാരവാഹികളെ മുസ് ലിം ലീഗ് തിരിച്ചെടുക്കുന്നു
Kerala

ഹരിത വിവാദ കാലത്ത് പുറത്താക്കിയ എം എസ്.എഫ് ഭാരവാഹികളെ മുസ് ലിം ലീഗ് തിരിച്ചെടുക്കുന്നു

Web Desk
|
27 March 2024 1:16 AM GMT

പാർട്ടി തീരുമാനത്തിനെതിരെ നിലവിലെ എം.എസ്.എഫ് ഭാരവാഹികള്‍ക്ക് അമർഷം

കോഴിക്കോട്: ഹരിത വിവാദ കാലത്ത് പുറത്താക്കിയ എം എസ്.എഫ് ഭാരവാഹികളെ മുസ് ലിം ലീഗ് തിരിച്ചെടുക്കുന്നു. എം.എസ്.എഫ് മുന്‍ സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, മുന്‍ സംസ്ഥാന സെക്രട്ടറി ഫവാസ് എന്നിവരെ പാർട്ടിയിലേക്ക് തിരിച്ചെടുക്കാനാണ് മുസ് ലിം ലീഗ് തീരുമാനിച്ചത്. പൊന്നാനിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.എസ് ഹംസയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നവരാണ് ഇരുവരും. പാർട്ടി തീരുമാനത്തിനെതിരെ നിലവിലെ എം.എസ്.എഫ് ഭാരവാഹികള്‍ക്ക് അമർഷം.

എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ ആരോപണം ഉന്നയിച്ച ഹരിത നേതാക്കള്‍ക്കൊപ്പം നിലയുറപ്പിച്ച എം എസ് എഫ് നേതാക്കളാണ് ജനറല് സെക്രട്ടറിയായിരുന്ന ലത്തീഫ് തുറയൂരും സംസ്ഥാന സെക്രട്ടറിയായിരുന്ന ഫവാസും. അച്ചടക്ക ലംഘനം ആരോപിച്ച എം എസ് എഫില് നിന്നും ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഇരുവരെയും പുറത്താക്കിയിരുന്നു. പാർട്ടിക്കെതിരായ നടപടികളിൽ ഖേദം പ്രകടിപ്പിച്ച് രണ്ടു പേരും നേതൃത്വത്തിന് കത്ത് നല്‍കിയതോടെയാണ് രണ്ടു പേരെയും തിരിച്ചെടുക്കാന്‍ ധാരണയിലെത്തിയതെന്നാണ് പാർട്ടിനേതൃത്വം നല്‍കുന്ന വിശീദകരണം. രണ്ടു പേരെയും തിരിച്ചെടുത്തുകൊണ്ടുള്ള പാർട്ടി അറിയിപ്പ് ഇന്നോ നാളെയോ പുറത്തിറങ്ങുമെന്നാണ് സൂചന.

നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശവുമായി ഇവർ രംഗത്തുവന്നിരുന്നു. പാർട്ടിയില് നിന്ന് പുറത്താക്കിയ നേതാവും പൊന്നാനിയിലെ എല് ഡി എഫ് സ്ഥാനാർഥിയുമായ കെ എസ് ഹംസയുമായി ചേർന്ന് ലീഗിനെതിരായ നീക്കങ്ങളുടെ ഭാഗമായി ലത്തീഫും ഫവാസും മാറി.

മുഖ്യമന്ത്രിയുടെ നവകേരള സദസി്ൽ ലത്തീഫ് പങ്കെടുത്തു. കെ എസ് ഹംസയുടെ സ്ഥാനാർഥിത്വത്തിേക്ക് നയിച്ച ചർച്ചകളിലും ഇരുവരും പങ്കാളികളായി. അങ്ങനെ കെ എസ് ഹംസയുടെ അടുത്ത ആളുകളെ തന്നെ തിരിച്ചെടുക്കുന്നതിലൂടെ കെ എസ് ഹംസ ക്യാമ്പില്‍ അങ്കലാപ്പ് സൃഷ്ടിക്കാമെന്നാണ് ലീഗ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

അതേസമയം പാർട്ടിയെയും എം എസ് എഫിനെയും അപകീർത്തിപ്പെടുത്തിയവരെ പെട്ടെന്ന് പാർട്ടിയിൽ തിരിച്ചെടുക്കുന്നതിനെതിരെ എം എസ് എഫിലെ നിലവിലെ ഭാരവാഹികള്‍ക്ക് കടുത്ത വിയോജിപ്പുണ്ട്. അക്കാര്യം പാർട്ടി നേതൃത്വത്തെ അവർ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Related Tags :
Similar Posts