സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിന് തുടക്കം; സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മാറിയെന്ന് മുഖ്യമന്ത്രി
|പുതിയ അധ്യയന വർഷം മുതൽ മധ്യവേനലവധി ഏപ്രിൽ 6 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിന് തുടക്കം. പ്രവേശനോത്സവം മലയിന്‍കീഴ് സ്‌കൂളില്‍ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സ്കൂളുകളുടെ ഭൗതിക സാഹചര്യം മാറിയെന്നും പാഠപുസ്തകത്തിന് പുറത്തുള്ള അറിവുകൾ കുട്ടികൾക്ക് പൊതുവിദ്യാലയങ്ങളിൽ നിന്ന് നേടാനാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പുതിയ അധ്യയന വർഷം മുതൽ മധ്യവേനലവധി ഏപ്രിൽ ആറ് മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പറഞ്ഞു. മലയിൻകീഴ് സർക്കാർ സ്കൂളിൽ പ്രവേശനോത്സവ പരിപാടിയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
"2016-ല്‍ അഞ്ച് ലക്ഷത്തോളം കുട്ടികളാണ് പൊതുവിദ്യാലയങ്ങളില്‍ നിന്ന് കൊഴിഞ്ഞുപോയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ തിരികെയെത്തിയത് പത്ത് ലക്ഷത്തോളം കുട്ടികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാലയങ്ങളിലുണ്ടായ സമഗ്രമായ മാറ്റത്തിന് തെളിവാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കാലൊടിഞ്ഞ ബെഞ്ചും ചോര്‍ന്നൊലിക്കുന്ന നിലത്തിനും വിണ്ടുകീറിയ സ്‌കൂളുകള്‍ക്കും പകരം ഇന്നുള്ളത് സ്മാര്‍ട്ട് സ്‌കൂളുകളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
''കുട്ടികളിൽ ശുചിത്വ ശീലം ഉളവാക്കാൻ സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം എന്ന ക്യാമ്പയിന് ആവശ്യമായ പ്രവർത്തന പദ്ധതി രൂപം നൽകിയിട്ടുണ്ട്. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിൽ ഇ-ഗവേണൻസ് ഫലപ്രദമായി നടപ്പിലാക്കി''- ശിവന്‍കുട്ടി പറഞ്ഞു