പൊട്ടിത്തെറിച്ചത് യാത്രക്കാരന്‍റെ കയ്യിലെ കുക്കർ; മംഗളൂരുവിലെ സ്‌ഫോടന സ്ഥലത്ത് എൻഐഎ സംഘം പരിശോധന നടത്തി
|സ്‌ഫോടനത്തിന് പിന്നിൽ വാഹനത്തിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരനാണെന്ന് സംശയം
മംഗളൂരു: നഗരത്തിലെ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തില്‍ സ്ഥലത്ത് എൻഐഎ സംഘം പരിശോധന നടത്തി. സ്‌ഫോടനത്തിന് പിന്നിൽ വാഹനത്തിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരനാണെന്നാണ് സംശയം. വാഹനത്തിലുണ്ടായിരുന്ന കുക്കറാണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന. വാഹനത്തിൽ നിന്ന് ഒരു ഐഡി കാർഡും കണ്ടെടുത്തിട്ടുണ്ട്.
സ്ഫോടനത്തിൽ ഡ്രൈവറും യാത്രക്കാരനും ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. റോഡിലൂടെ പോവുകയായിരുന്ന ഓട്ടോറിക്ഷ നിർമാണ പ്രവൃത്തികൾ നടക്കുന്ന കെട്ടിടത്തിന് സമീപം എത്തിയപ്പോൾ പൊട്ടിത്തെറിക്കുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത്.
പെട്ടെന്നുള്ള പൊട്ടിത്തെറിയിൽ ഓട്ടോറിക്ഷക്ക് തീപിടിക്കുന്നതും നാട്ടുകാർ ഓടികൂടുന്നതും ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരൻറെ കൈയ്യിലുണ്ടായിരുന്ന ബാഗ് തുറക്കുന്നതിനിടെയാണ് സ്ഫോടനമെന്നാണ് റിപ്പോർട്ട്.
ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനം അപകടമല്ലെന്നും ഗുരുതര നാശനഷ്ടങ്ങൾ വരുത്താൻ ഉദ്ദേശിച്ചുള്ള തീവ്രവാദ പ്രവർത്തനമാണെന്നും കർണാടക ഡി.ജി.പി. പറഞ്ഞു.