ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ നഴ്സിങ് കോളജിനും ഇന്ത്യന്‍ നഴ്സിങ് കൗൺസിലിന്‍റെ അംഗീകാരമില്ല
|ഈ മാസം 17ന് നഴ്സിങ്ങിന്‍റെ ഒന്നാം സെമസ്റ്റർ പരീക്ഷാഫലം പുറത്തുവന്നപ്പോൾ പത്തനംതിട്ട ഗവ. നഴ്സിങ് കോളേജിലെ വിദ്യാർഥികൾക്ക് നിരാശയായിരുന്നു
പത്തനംതിട്ട: ഇന്ത്യൻ നഴ്സിങ് കൗൺസിലിന്‍റെ അംഗീകാരം ലഭിക്കാത്ത സംസ്ഥാനത്തെ 26 നഴ്സിങ് കോളജുകളിൽ ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ നഴ്സിങ് കോളജും. അംഗീകാരം ഇല്ലാത്തതിനാൽ പത്തനംതിട്ട ഗവ. നഴ്സിങ് കോളേജിലെ ഒന്നാം സെമസ്റ്റർ വിദ്യാർഥികളുടെ പരീക്ഷാഫലം ഇന്നലെ വരെ തടഞ്ഞുവച്ചിരുന്നു.
ഈ മാസം 17ന് നഴ്സിങ്ങിന്‍റെ ഒന്നാം സെമസ്റ്റർ പരീക്ഷാഫലം പുറത്തുവന്നപ്പോൾ പത്തനംതിട്ട ഗവ. നഴ്സിങ് കോളേജിലെ വിദ്യാർഥികൾക്ക് നിരാശയായിരുന്നു. ഇന്ത്യൻ നഴ്സിങ് കൗൺസിലിന്‍റെ അംഗീകാരം ഇല്ലാത്തതിനാൽ പരീക്ഷാഫലം തടഞ്ഞുവച്ചിരിക്കുന്നു എന്നാണ് വിദ്യാർഥികളെ അറിയിച്ചത്.
മാധ്യമങ്ങളിൽ വാർത്ത നിറഞ്ഞതോടെ ആരോഗ്യ സർവകലാശാല ഇന്നലെ ഫലം പുറത്തുവിട്ടു. മതിയായ സൗകര്യങ്ങൾ ഇല്ലാഞ്ഞിട്ട് പോലും 90% വിജയം വിദ്യാർഥികൾ കരസ്ഥമാക്കി. കഴിഞ്ഞ കൊല്ലമാണ് പത്തനംതിട്ടയിൽ നഴ്സിംഗ് കോളജ് ആരംഭിച്ചത്. നഴ്സിങ് കോജിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ല. വാടക കെട്ടിടത്തിൽ പ്രിൻസിപ്പലും രണ്ട് അധ്യാപകരും 60 കുട്ടികളും.
ഇന്ത്യൻ നഴ്സിങ് കൗൺസിൽ ചൂണ്ടിക്കാട്ടിയ പോരായ്മകൾ പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ സർവകലാശാല പറയുമ്പോഴും കോളജ് ആരംഭിച്ച ഒരു വർഷം പിന്നിട്ടിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ല.