സംരക്ഷണം ഒരുക്കേണ്ട ഔദ്യോഗികപക്ഷം സി.എ.എയിലൂടെ ഭിന്നിപ്പിന് ശ്രമിക്കുന്നു: ക്രൈസ്തവ സഭ
|സഭാ നേതൃത്വം ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് ബി.ജെ.പിയെന്നും സഭ കുറ്റപ്പെടുത്തി
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയുടെ നിലപാട് ചോദ്യം ചെയ്ത് ക്രൈസ്തവ സഭകള്‍. മണിപ്പൂരിലും ഉത്തരേന്ത്യയിലും അടക്കം ക്രൈസ്തവര്‍ നേരിട്ട അതിക്രമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന മൗനം വിശ്വാസികള്‍ തിരിച്ചറിയണമെന്നാണ് ലത്തീന്‍സഭയുടെയും, സിറോ മലബാര്‍ സഭയുടെയും ആഹ്വാനം. സംരക്ഷണം ഒരുക്കേണ്ട ഔദ്യോഗികപക്ഷം പൗരത്വ നിയമഭേദഗതിയിലൂടെ ഭിന്നിപ്പിന് ശ്രമിക്കുന്നതായും സഭ ആരോപിച്ചു.
ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട അജണ്ട ന്യൂനപക്ഷ സംരക്ഷണമാണ്. കഴിഞ്ഞതവണ ക്രൈസ്തവ- മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ട ഇടതുമുന്നണി ഇത്തവണ അവ പൂര്‍ണമായി നേടിയെടുക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഈ ലോക്സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട പ്രചാരണ വിഷയമായി പൗരത്വം നിയമ ഭേദഗതി എല്‍.ഡി.എഫും യു.ഡി.എഫും ഉയര്‍ത്തിക്കഴിഞ്ഞു. അതിലൂടെ മുസ്ലിം വോട്ട് ബാങ്കുകള്‍ ലക്ഷ്യം വെക്കുന്ന മുന്നണികള്‍ ക്രൈസ്തവ ന്യൂനപക്ഷത്തെ കൂടെ നിര്‍ത്താന്‍ വേണ്ടിയാണ് മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങള്‍ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം ക്രൈസ്തവര്‍ നേരിട്ട അക്രമങ്ങളുടെ കണക്ക് നിരത്തിയാണ് സഭാ നേതൃത്വം ബി.ജെ.പിയെ ചോദ്യം ചെയ്യുന്നത്.
സഭാ നേതൃത്വം ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് ബി.ജെ.പിയെന്നും സഭ കുറ്റപ്പെടുത്തി.
കഷ്ടാനുഭവ ആഴ്ചയില്‍ തന്നെ ഈ വിഷയം മുന്നോട്ടുവെക്കുന്ന ക്രൈസ്തവ സഭകള്‍ തങ്ങള്‍ക്ക് ഏറ്റ മുറിവ് ഉണങ്ങിയിട്ടില്ല എന്ന സന്ദേശം കൂടിയാണ് നല്‍കുന്നത്. ക്രൈസ്തവ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യം വെക്കുന്ന മുന്നണികള്‍ സഭ തന്നെ വിഷയം ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ അത് ഏറ്റുപിടിക്കാന്‍ സാധ്യത ഏറെയാണ്.