തെറ്റ് സമ്മതിച്ച് കെ.ടി ജലീൽ; നിയമസഭാ കയ്യാങ്കളി പൊടിതട്ടിയെടുത്ത് പ്രതിപക്ഷം
|തോമസ് ഐസക് ജലീലിന്‍റെ മാതൃക സ്വീകരിക്കുമോ എന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം ചോദിച്ചു
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിയിൽ കെ.ടി ജലീൽ തെറ്റ് സമ്മതിച്ചതോടെ വിഷയം വീണ്ടും സജീവമാക്കാനൊരുങ്ങി പ്രതിപക്ഷം. പ്രായമാകുമ്പോൾ തെറ്റ് തെറ്റെന്ന് മനസിലാകുമെന്ന് വി.ഡി സതീശൻ പരിഹസിച്ചു. തോമസ് ഐസക് ജലീലിന്‍റെ മാതൃക സ്വീകരിക്കുമോ എന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം ചോദിച്ചു.
സ്പീക്കറുടെ കസേര തള്ളിയിട്ടത് തെറ്റായിപ്പോയി. സംഭവിച്ചത് വികാരത്തള്ളിച്ചയിaലുണ്ടായ കൈപ്പിഴയെന്നുമായിരുന്നു കെ.ടി ജലീലിന്‍റെ പ്രതികരണം. പ്രതിഷേധം അബദ്ധമായിപ്പോയെന്ന് പറഞ്ഞ് ഇടതുപക്ഷത്ത് നിന്ന് ഒരാൾ പ്രതികരിക്കുന്നത് ഇതാദ്യം. ജലീലിന് പുറമേ മന്ത്രി വി.ശിവൻകുട്ടി, എൽഡിഎഫ് കൺവീനറായിരുന്ന ഇ.പി ജയരാജൻ .മുൻ എംഎൽഎമാരായ സി.കെ സദാശിവൻ, കെ.കെ അജിത്.കെ കുഞ്ഞഹമ്മദ് എന്നിവരും കേസിലെ പ്രതികളാണ്. കെ.ടി ജലീൽ മലക്കം മറിഞ്ഞതൊടെ വിഷയം വീണ്ടും പൊടിതട്ടിയെടുക്കുകയാണ് പ്രതിപക്ഷം.
സമാനമായ തിരിച്ചറിവ് ഉത്തരവാദിത്തപ്പെട്ട മറ്റ് സ്ഥാനങ്ങളിലിരിക്കുന്നവർക്കും തോന്നിയാൽ അതെത്ര നന്നായേനെയെന്നായിരുന്നു വി.ടി ബൽറാമിന്‍റെ പ്രതികരണം. ശിവൻകുട്ടിയിൽ നിന്നും ജയരാജനിൽ നിന്നുമൊന്നും കേരളം അതൊരു കാലത്തും പ്രതീക്ഷിക്കുന്നില്ലെന്നും ഡോ. തോമസ് ഐസക്കെങ്കിലും നിയമസഭയിലെ സ്വന്തം അഴിഞ്ഞാട്ടത്തെ തള്ളിപ്പറയാൻ തയ്യാറാവുമോ എന്നാണ് അറിയേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നല്ല മാതൃകയാണ് ജലീൽ നടത്തിയതെന്നും സ്വയം നവീകരണം നല്ലതാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. 2015 ലെ ബജറ്റ് അവതരണത്തിനിടെയാണ് നിയമസഭയിൽ അസാധാരണ സംഭവം. ബാർകോഴ വിവാദത്തിൽ കെ.എം മാണി മന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.