പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം
|പൂരം നടക്കേണ്ട രീതിയില്‍ നടന്നില്ലെന്ന് സിപിഐ ചൂണ്ടിക്കാട്ടി
തൃശൂര്‍: തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം. അന്വേഷണം അട്ടിമറിക്കാനാണ് മുഖ്യമന്ത്രി അത്തരം പ്രസ്താവന നടത്തിയതെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രചരണം. ജുഡീഷ്യല്‍ അന്വേഷണ ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷ നേതാക്കൾ. പൂരം കലങ്ങിയതിന് പിന്നിൽ ആർഎസ്എസ് ഗൂഢാലോചന ഉണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ ആവർത്തിച്ചു. പൂരം നടക്കേണ്ട രീതിയില്‍ നടന്നില്ലെന്ന് സിപിഐ ചൂണ്ടിക്കാട്ടി.
നിർണായക ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ പ്രതിപക്ഷത്തിന് കിട്ടിയ ആയുധമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. ഇതിനെ പരമാവധി രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. നിലവിൽ നടക്കുന്ന ത്രിതലതല അന്വേഷണം അട്ടിമറിക്കാനാണ് പൂരം കലങ്ങിയിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞതെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ജുഡീഷ്യൽ അന്വേഷണത്തിൽ മുഖ്യമന്ത്രി ഭയപ്പെടുന്നത് എന്തിനെന്ന് കെ മുരളീധരൻ ചോദിച്ചു.
ചേലക്കര തെരഞ്ഞെടുപ്പ് നേരിടുന്ന ഘട്ടത്തിൽ പരാമർശം ബിജെപിയുമായുള്ള ഡീലിന്‍റെ ഭാഗമാണെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ ആരോപിച്ചു. പൂരം വേണ്ട രീതിയില്‍ നടന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവർത്തിച്ചു.വരും ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആയുധമാക്കി കൂടുതല്‍ പ്രചരണം സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം.