Kerala
VD Satheeshan about chief minister social media management
Kerala

തന്‍റെ പ്രസംഗം പങ്കുവെച്ച ഉദ്യോഗസ്ഥർക്കെതിരായ സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ്

Web Desk
|
1 Oct 2023 5:52 AM GMT

സഭാ ടി.വി സംപ്രേക്ഷണം ചെയ്ത പ്രതിപക്ഷ നേതാവിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചെന്ന് ആരോപിച്ചാണ് നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയുമായ അഷറഫ് മാണിക്യത്തിനെ സസ്‌പെന്‍ഡ് ചെയ്തത്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനവും നിയമസഭാ പ്രസംഗവും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന്റെ പേരില്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന അച്ചടക്ക നടപടി ഇരട്ടനീതിയും ജനാധിപത്യവിരുദ്ധവുമെന്ന് വി.ഡി സതീശൻ.

സഭാ ടി.വി സംപ്രേക്ഷണം ചെയ്ത പ്രതിപക്ഷ നേതാവിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചെന്ന് ആരോപിച്ചാണ് നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയുമായ അഷറഫ് മാണിക്യത്തിനെ സസ്‌പെന്‍ഡ് ചെയ്തത്. പ്രതിപക്ഷ സര്‍വീസ് സംഘടനയില്‍ ഉള്‍പ്പെട്ടെ ആറോളം പേര്‍ക്ക് ഇത്തരത്തിൽ നോട്ടീസ് നല്‍കിയിട്ടുമുണ്ട്.


24 മണിക്കൂറിനകം മറുപടി നൽകണന്ന് ആവശ്യപെട്ട് നോട്ടീസ് നൽകുന്നത് എത് സർവീസ് ചട്ടപ്രകാരമാണെന്ന് ചോദിച്ച അദ്ദേഹം രാജാവിനേക്കാൾ രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥരുടെ കാലം മാറുമെന്ന് ഓർക്കണമെന്നും കൂട്ടിച്ചേർത്തു.

'സി.പി.എം അനുകൂല സംഘടനയുടെ ആശീർവാദത്തോടെ ജി.എസ്.ടി ഇന്റലിജൻസിന്റെ മറവിൽ നടക്കുന്ന കൊള്ള കാണാതെയാണ് ഇത്തരം അപഹാസ്യമായ അച്ചടക്ക നടപടികൾ. ധനമന്ത്രിയെ നോക്കുകുത്തിയാക്കി ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഭരണമാണ് ജി.എസ്.ടി വകുപ്പിൽ നടക്കുന്നത്. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എതിരെ അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും സൈബര്‍ ആക്രമണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത സി.പി.എം സൈബര്‍ ഗുണ്ടകളെ സംരക്ഷിക്കുന്നവരാണ് സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയുള്ളൊരു വാര്‍ത്ത പങ്കുവച്ചതിന്റെ പേരില്‍ പ്രതിപക്ഷ സര്‍വീസ് സംഘടന നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നത്'- വി.ഡി.സതീശൻ പറഞ്ഞു.


യാഥാർഥ്യ ബോധത്തോടെയുള്ള വർത്തകൾ ,വകുപ്പുതല ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ജീവനക്കാര്‍ ജാഗ്രതപുലര്‍ത്തണമെന്ന സന്ദേശം നല്‍കുകയും ചെയ്ത സര്‍വീസ് സംഘടന നേതാവിനെതിരെ അച്ചടക്ക നടപടിയെടുത്തത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് ഭരണ നേതൃത്വം ഓര്‍ക്കണം. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഷറഫിനെതിരെയുള്ള സസ്‌പെന്‍ഷന്‍ നടപടി അടിയന്തിരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Similar Posts