പ്രതിപക്ഷം മാധ്യമങ്ങളുടെ മടിത്തട്ടിൽ ഉറങ്ങുന്നവർ, അവർക്ക് സത്യങ്ങളെ നേരിടാൻ ആവില്ല; എം.ബി രാജേഷ്
|ഇടതുപക്ഷത്തിനെതിരായി വലിയൊരു യുദ്ധം പുറത്തഴിച്ചു വിട്ടിരിക്കുകയാണ് പ്രതിപക്ഷമെന്നും മന്ത്രി
തിരുവനന്തപുരം: ഇടതുപക്ഷത്തിനെതിരായി വലിയൊരു യുദ്ധം പുറത്തഴിച്ചു വിട്ടിരിക്കുകയാണ് പ്രതിപക്ഷമെന്ന് മന്ത്രി എം.ബി രാജേഷ്. അസത്യങ്ങൾ ആയുധമായി ഒരുക്കിക്കൊണ്ടാണ് വിപുലമായ യുദ്ധ സന്നാഹം ഇടതുപക്ഷത്തിനെതിരെ ഒരുക്കിയിരിക്കുന്നതെന്നും പ്രതിപക്ഷത്തിന് സത്യങ്ങളെ നേരിടാൻ ആവില്ലെന്നുമ രാജേഷ് കുറ്റപ്പെടുത്തി. മാധ്യമങ്ങളുടെ മടിത്തട്ടിൽ ഉറങ്ങുന്നവരാണ് പ്രതിപക്ഷമെന്നും അവർക്ക് ജയിക്കാൻ മാധ്യമ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രിക്ക് പകരം മറുപടി നൽകികുകയായിരുന്നു മന്ത്രി.
സ്വന്തം അടിയന്തര പ്രമേയത്തിന്റെ നോട്ടീസിനോട് ഒരു ഉത്തരവാദിത്വവും കാണിക്കാതെ ഇന്നലെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി. ഇതിന്റെ ക്ഷീണം തീർക്കാൻ മറ്റൊരു അടിയന്തര പ്രമേയവുമായി വരികയല്ലാതെ മറ്റൊരു വഴി പ്രതിപക്ഷത്തിന് ഇല്ലായിരുന്നു. പക്ഷെ ഒന്നും മറക്കാനില്ലാത്ത സർക്കാർ അതിന് അനുമതി നൽകി. അതിൻറെ ആത്മവിശ്വാസമാണ് ഇന്നലെയും ഇന്നും കണ്ടത്. രാജേഷ് പറഞ്ഞു.
അസത്യങ്ങളുടെ വ്യാജ ബോംബുകൾ നിർമ്മിക്കുകയാണ് അവർ. ചിരിച്ചാലും ഗൗരവത്തിൽ പറഞ്ഞാലും പ്രതിപക്ഷത്തിന് കുറ്റമാണ്. ഇത്രയും കാലം ഞങ്ങൾ ചിരിക്കുന്നില്ല എന്നായിരുന്നു പരാതി. എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ചയിൽ ആരോപണം ഉയർന്നുവന്നു. അതിൽ ഡിജിപി ഉൾപ്പെടെ അന്വേഷണം നടത്തി. അതിൽ സർക്കാർ അനുയോജ്യമായ നടപടി സ്വീകരിച്ചിട്ട് ഉണ്ട്. അദ്ദേഹം പറഞ്ഞു.
സ്വർണ്ണക്കടത്തും ഹവാലയും രാജ്യത്തിനെതിരായ കുറ്റമാണെന്ന കാര്യത്തിൽ തർക്കമില്ല. ഇതിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചു. കുറ്റത്തിനെതിരെ നടപടി സ്വീകരിക്കുമ്പോൾ ജില്ലയെയും മതത്തെയും കൊണ്ട് വരുന്നു. തെറ്റായ പ്രവണതകളെ അംഗീകരിക്കില്ല എന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏത് ജില്ലയുമായി താരതമ്യം ചെയ്തു നോക്കിയാലും മലപ്പുറം ജില്ലയിൽ കേസുകളുടെ എണ്ണം കുറവാണ്. മന്ത്രി പറഞ്ഞു.