സര്‍ക്കാരിന്‍റെ കേരളീയത്തിന് ടെണ്ടർ നടപടികളിൽ ഇളവ് നൽകി ഉത്തരവ്
|കേരളത്തിൻ്റെ സവിശേഷതകൾ ആഗോള സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരളീയം മേള സംഘടിപ്പിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയത്തിന് ടെണ്ടർ നടപടികളിൽ ഇളവ് നൽകി ഉത്തരവ്. നടപടിക്രമങ്ങൾ പാലിക്കാൻ സമയം കുറവാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. ഇതോടെ പണം ചെലവഴിക്കാൻ ചീഫ് എൻജിനീയർ അടങ്ങിയ ടെക്നിക്കൽ സമതിയുടെ അംഗീകാരം മാത്രം മതിയാവും.
കേരളത്തിൻ്റെ സവിശേഷതകൾ ആഗോള സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരളീയം മേള സംഘടിപ്പിക്കുന്നത്. നവംബർ ഒന്ന് മുതൽ ഏഴ് വരെയാണ് മേള നടക്കുക. 27 .12 കോടി രൂപയാണ് ബജറ്റ്. ഇത് ട്രെഷറി നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ പി.ഡബ്ലു.ഡി മാനുവൽ പ്രകാരം ടെണ്ടർ ചെയ്താൽ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയില്ലെന്ന് പൊതുമരാമത്ത് വകുപ്പ് സർക്കാരിനെ അറിയിച്ചു.
ഇത് പരിഗണിച്ച സർക്കാർ അടിസ്ഥാന സൗകര്യ ജോലികളുടെ വേഗത്തിലുള്ള അംഗീകാരം, ക്രമീകരണങ്ങൾ, നിർവ്വഹണം, പൂർത്തീകരണം എന്നിവക്കായി പിഡബ്ല്യുഡി മാനുവലിൽ ഇളവ് നൽകാൻ തീരുമാനിച്ചു. ഇതോടെ പ്രവർത്തനങ്ങൾ പല കരാറുകാർക്കായി നൽകാൻ കഴിയും. ഇതിനെല്ലാം ചീഫ് എൻജിനീയർ അടങ്ങിയ സമിതിയുടെ അംഗീകാരം മതിയാവും.