Kerala
umar faizy mukkam
Kerala

ഉമര്‍ ഫൈസി മുക്കത്തിനെതിരെ മറുവിഭാഗത്തിന്‍റെ പരസ്യ നീക്കം; നാളെ എടവണ്ണപ്പാറയില്‍ പൊതുയോഗം വിളിച്ച് മറുപടി

Web Desk
|
30 Oct 2024 5:36 AM GMT

ഉമര്‍ ഫൈസിയെ സമസ്തയില്‍ നിന്ന് പുറത്താക്കണമെന്ന് സമസ്ത കോഡിനേഷൻ കമ്മിറ്റി നേതാവ് ജബ്ബാര്‍ ഹാജി ആവശ്യപ്പെട്ടു

മലപ്പുറം: പാണക്കാട് തങ്ങള്‍ക്കെതിരായ പരാമര്‍ശത്തിൽ സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിനെതിരെ മറു വിഭാഗത്തിന്‍റെ പരസ്യ നീക്കം. നാളെ എടവണ്ണപ്പാറയില്‍ പൊതുയോഗം വിളിച്ച് മറുപടി നല്‍കും. ഉമര്‍ ഫൈസിയെ സമസ്തയില്‍ നിന്ന് പുറത്താക്കണമെന്ന് സമസ്ത കോഡിനേഷൻ കമ്മിറ്റി നേതാവ് ജബ്ബാര്‍ ഹാജി ആവശ്യപ്പെട്ടു.

സാദിഖലി തങ്ങള്‍ക്ക് ഖാസി ആകാന്‍ യോഗ്യതയില്ലെന്നും ഇസ്‍ലാമിക നിയമങ്ങള്‍ പാലിക്കാതെയാണ് ഖാസിയായതെന്നുമായിരുന്നു ഉമര്‍ ഫൈസിയുടെ വിമര്‍ശനം. എടവണ്ണപ്പാറയിൽ സമസ്ത മേഖല കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് മൗലീദ് കോൺഫറൻസിൽ വച്ചാണ് ഉമര്‍ ഫൈസി തങ്ങള്‍ക്കെതിരെ പറഞ്ഞത്.

"തനിക്ക് ഖാസി ആവണമെന്ന് ചിലർക്കുണ്ട്. രാഷ്ട്രീയത്തിന്‍റെ പേരിൽ ഖാസിയാക്കാൻ ചിലരുണ്ട്. ഖാസിയാകാൻ ഇസ് ലാമിക നിയമങ്ങളുണ്ട്. അത് പാലിക്കാതെ പലരും ഖാസി ആകുന്നു. മുമ്പിൽ വരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള വിവരം ഒരു ഖാസിക്ക് വേണം. അത് ഉണ്ടെന്ന് അവർ അവകാശപ്പെടുന്നില്ല. കിത്താബ് ഓതിയ ആളാണെന്ന് ആരും പറയുന്നുമില്ല.

സിഐസി വിഷയത്തിൽ സമസ്ത ഒരു കാര്യം പറഞ്ഞു. അത് കേൾക്കാനും തയാറില്ല. പണ്ട് അങ്ങനെയാണോ. സമസ്ത പറയുന്ന കാര്യങ്ങളുടെ കൂടെയാണ് സാദാത്തുക്കൾ നിന്നിരുന്നത്, ഇതിന് തയാറാകുന്നില്ല. ഇപ്പോൾ സമസ്തയെ വെല്ലുവിളിച്ച് വേറെ പാർട്ടി ഉണ്ടാക്കുകയാണ്. നമ്മുടെ കൈയിൽ ആയുധങ്ങളുണ്ടെന്ന് അവർ കരുതിയിരുന്നോണം. ആയുധങ്ങൾ ഉള്ളത് കൊണ്ട് നമ്മളത് ദുരുപയോഗം ചെയ്യാതെ, ആവശ്യം വരുമ്പോൾ അത് എടുക്കുമെന്ന ഭയം നിങ്ങൾക്കുള്ളത് നല്ലതാ. നിങ്ങൾ അതിരുവിട്ട് പോകുന്നുണ്ട്.

വിവരമില്ലാത്തവരെ ഖാസിയാക്കിയാൽ അവിടത്തെ ഖാസിയല്ലേ ആവുകയുള്ളൂ. എല്ലാവരെയും വിളിച്ചുകൂട്ടി ഖാസി ഫൗണ്ടേഷൻ, ഇതിന്‍റെ അർഥമെന്താണ്. ഇതൊന്നും നമുക്ക് അറിയില്ലെന്ന് വിചാരിച്ചോ?. ഖാസിമാരെ നമുക്കറിയാം, എന്നാൽ ഖാസി ഫൗണ്ടേഷൻ എന്ന് കേട്ടിട്ടുണ്ടോ?" എന്നാണ് ഉമർ ഫൈസി ചോദിച്ചത്.

എന്നാൽ സെക്രട്ടറി ഉമർ ഫൈസിയുടെ വിവാദ പ്രസ്താവനയുമായി ബന്ധമില്ലെന്നും ഇത്തരം പ്രതികരണങ്ങൾ സംഘടനാ ഭാരവാഹികൾ നടത്തരുതെന്നും ചൂണ്ടിക്കാട്ടി സമസ്ത രംഗത്തെത്തിയിരുന്നു. എസ്‍വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരും ഉമര്‍ ഫൈസിയെ തള്ളിയിരുന്നു. ഫൈസി ജനറല്‍ സെക്രട്ടറിയെ മറികടന്ന് സമസ്ത തീരുമാനിക്കാത്ത അഭിപ്രായങ്ങള്‍ പരസ്യമായി പറയുകയാണെന്നുമാണ് അബ്ദുസമദ് പറഞ്ഞത്. അതേസമയം ഉമര്‍ ഫൈസിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മലപ്പുറം എസ്‍പിക്ക് പരാതി നല്‍കിയിട്ടുണ്ട്. മുസ്‍ലിം വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നതാണ് പ്രസംഗമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

Similar Posts