Kerala
ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ പരാതിക്കാരി അപ്പീൽ നൽകും
Kerala

ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ പരാതിക്കാരി അപ്പീൽ നൽകും

Web Desk
|
15 Jan 2022 9:33 AM GMT

ഇരയുടെ മൊഴിയിലെ നിസാരമായ വൈരുദ്ധ്യങ്ങളെ കോടതി കണക്കിലെടുത്തു. മറു ഭാഗത്ത് പ്രോസിക്യൂഷന് അനുകൂലമായ കാര്യങ്ങളെ കോടതി വിശ്വാസത്തിലെടുത്തില്ല

പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ പരാതിക്കാരി അപ്പീൽ നൽകും. വിധിക്കെതിരെ പൊലീസും മേൽക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി നിയമവകുപ്പിനോട് പൊലീസ് നിയമോപദേശം തേടി. ഇരയ്ക്ക് അനുകൂലമായ തെളിവുകൾ കോടതി മുഖവിലയ്ക്ക് എടുത്തില്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

അപ്രതീക്ഷിതമായ തിരിച്ചടിയായാണ് പോലീസ് കോടതി വിധിയെ കാണുന്നത്. ഇരയുടെ മൊഴിയിലെ നിസാരമായ വൈരുദ്ധ്യങ്ങളെ കോടതി കണക്കിലെടുത്തു. മറു ഭാഗത്ത് പ്രോസിക്യൂഷന് അനുകൂലമായ കാര്യങ്ങളെ കോടതി വിശ്വാസത്തിലെടുത്തില്ല. പ്രോസിക്യൂഷൻ സാക്ഷികളുടെ കാര്യത്തിലും കോടതി നിലപാട് ഇത്തരത്തിലായിരുന്നുവെന്നാണ് വിധി പകർപ്പ് പുറത്ത് വന്നതോടെയുള്ള പോലീസ് വിലയിരുത്തൽ. ഇതേ തുടർന്ന് വിധിക്കെതിരെ വേഗത്തിൽ അപ്പീൽ സമർപ്പിക്കാനാണ് ശ്രമം. പോലീസിനും പ്രോസിക്യൂഷനുമെതിരായ കടുത്ത വിമർശനങ്ങളും കൂടി കണക്കിലെടുത്താണ് നീക്കം. നിയവകുപ്പ് അഡീഷണൽ സെക്രട്ടറി സുചിത്രയോടാണ് കോട്ടയം ജില്ലാ പോലീസ് മേധാവി നിയമോപദേശം തേടിയത്. ഇത് ലഭിച്ച് കഴിഞ്ഞാൽ ഉടൻ പോലീസ് ആസ്ഥാനത്തേക്ക് ജില്ലാ പോലീസ് മേധാവി റിപോർട്ട് നൽകും. തുടർന്ന് അപ്പീൽ നൽകണമെന്ന നിർദേശം പോലീസ് ആസ്ഥാനം സർക്കാരിനെ അറിയിക്കും. ഇര കഴിയുന്ന മഠത്തിലെത്തി വൈക്കം ഡിവൈഎസ്പി കൂടിക്കാഴ്ച നടത്തി.ഇരയും നിയമപോരാട്ടം തുടരുമെന്നാണ് അറിയിച്ചത്. കുറ്റവിമുക്തനായ ബിഷപ്പ് പിസി ജോർജ്ജിനെ വീട്ടിലെത്തി നന്ദി അറിയിച്ചിരുന്നു. പിസി ജോർജ്ജ് തുടക്കം മുതൽ ബിഷപ്പിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

Similar Posts