Kerala
ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെ; പുനരന്വേഷണം വേണമെന്ന ഹരജി തള്ളി
Kerala

ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെ; പുനരന്വേഷണം വേണമെന്ന ഹരജി തള്ളി

Web Desk
|
29 July 2022 1:14 PM GMT

അമിത വേഗതയും ഡ്രൈവർ അർജുൻ അലക്ഷ്യമായി വാഹനം ഓടിച്ചതുമാണ് അപകടത്തിന് കാരണമെന്ന സിബിഐ കണ്ടെത്തൽ കോടതി അംഗീകരിക്കുകയായിരുന്നു.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തിൽ പുനരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ഹരജി തള്ളി. അപകടമരണമെന്ന സിബിഐ കണ്ടെത്തൽ കോടതി അംഗീകരിച്ചു.

ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ബാലഭാസ്‌കറിന്റെ അച്ഛൻ പ്രതികരിച്ചു.

സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപ്പെട്ട് ദുരൂഹതയില്ലെന്ന സിബിഐ കണ്ടെത്തലിനെതിരെയാണ് അച്ഛൻ കെ.സി ഉണ്ണി തിരുവനന്തപുരം സിജെഎം കോടതിയിൽ ഹരജി നൽകിയത്.. അപകടത്തിന് സ്വർണക്കടത്ത് സംഘമായി ബന്ധമുണ്ടെന്നും ബാലഭാസ്‌കറിന്റെ ഫോൺ അടക്കമുള്ള രേഖകൾ സിബിഐ സംഘം പരിശോധിച്ചില്ല എന്നിവയായിരുന്നു ഹരജിയിലെ പ്രധാന ആക്ഷേപം. എന്നാൽ ഹരജി വിശദമായി പരിഗണിച്ച കോടതി പുനരന്വേഷണ ഉത്തരവ് തള്ളുകയായിരുന്നു. അമിത വേഗതയും ഡ്രൈവർ അർജുൻ അലക്ഷ്യമായി വാഹനം ഓടിച്ചതുമാണ് അപകടത്തിന് കാരണമെന്ന സിബിഐ കണ്ടെത്തൽ കോടതി അംഗീകരിക്കുകയായിരുന്നു. എന്നാൽ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.

സിബിഐയുടെ മറ്റൊരു സംഘത്തെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണം. നിലവിലെ ഉദ്യോഗസ്ഥർ ഏകപക്ഷീയമായാണ് കേസ് അന്വേഷിച്ചത്. അപകടത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും അച്ഛൻ കെ.സി ഉണ്ണി പറഞ്ഞു.

ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘവും അപകടമരണം എന്ന നിഗമനത്തിലായിരുന്നു. അതിനെതിരെ കുടുംബം സർക്കാരിനെ സമീപിച്ചതോടെയാണ് അന്വേഷണം സിബിഐക്ക് വിട്ടത്.

Similar Posts