അശ്രദ്ധമായി റോഡരികില്‍ കാർ പാര്‍ക്ക് ചെയ്തതിന് പൊലീസ് പിഴയിട്ടത് സ്കൂട്ടർ ഉടമയ്ക്ക്
|സജയകുമാറിന്റെ സ്കൂട്ടറിന്റെ നമ്പരും പിഴ ചുമത്തിയ കാറിന്റെ നമ്പരും തമ്മിൽ മോഡല്‍ നമ്പരില്‍ മാത്രമെ വ്യത്യാസമുള്ളു
തിരുവനന്തപുരം: അശ്രദ്ധമായി റോഡരികില്‍ കാർ പാര്‍ക്ക് ചെയ്തതിന് പൊലീസ് പെറ്റിയടിച്ചത് സ്കൂട്ടർ ഉടമയ്ക്ക്. തിരുവനന്തപുരം വേങ്ങോട് സ്വദേശി സജയകുമാറിനാണ് പൊലീസ് പിഴയിട്ടത്. എന്നാൽ ഇതെങ്ങനെ സംഭവിച്ചെന്ന് തനിക്കറിയില്ലെന്നും പൊലീസിനോട് ചോദിച്ചപ്പോള്‍ കൈമലർത്തുകയായിരുന്നെന്നും സജയകുമാർ പറഞ്ഞു.
കഴിഞ്ഞ കുറച്ച് നാളുകളായി സജയകുമാര്‍ ബൈക്കുമായി പുറത്തിറങ്ങാറില്ല. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച സജയകുമാറിന്റെ ഫോണിലേക്ക് വാഹനത്തിന് പിഴ ഈടാക്കിയതായി കാണിച്ച് സന്ദേശം വന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിന് തിരുവനന്തപുരം കഠിനംകുളത്ത് അലക്ഷ്യമായി പാര്‍ക്ക് ചെയ്ത KL 22F 3615 നമ്പരിലുള്ള കാറിനാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. എന്നാല്‍ സന്ദേശം എത്തിയത് KL 22M 3615 എന്ന നമ്പരിലെ സജയകുമാറിന്റെ സ്കൂട്ടറിനാണ്.
സജയകുമാറിന്റെ സ്കൂട്ടറിന്റെ നമ്പരും പിഴ ചുമത്തിയ കാറിന്റെ നമ്പരും തമ്മിൽ മോഡല്‍ നമ്പരില്‍ മാത്രമെ വ്യത്യാസമുള്ളു. കഴിഞ്ഞ വർഷം കാർ തെറ്റായി പാർക്ക് ചെയ്തതിന് ഒരു വർഷത്തിന് ശേഷം ബൈക്കുടമയ്ക്ക് സന്ദേശം എങ്ങനെ വന്നു എന്നാണ് സജയകുമാർ ചോദിക്കുന്നത്. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചപ്പോള്‍ അവര്‍ കൈമലര്‍ത്തിയതായി സജയകുമാര്‍ പറഞ്ഞു.