പ്രധാനമന്ത്രിയുടെ സുരക്ഷാക്രമീകരണ ചോർച്ചയിൽ കേസെടുത്ത് പൊലീസ്
|ഔദ്യോഗിക രഹസ്യ നിയമപ്രകാരം സ്വമേധയാണ് പൊലീസ് കേസെടുത്തത്
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സുരക്ഷാക്രമീകരണ ചോർച്ചയിൽ പൊലീസ് കേസെടുത്തു. കന്‍റോൺമെന്‍റ് പൊലീസാണ് കേസെടുത്തത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരം സ്വമേധയാണ് പൊലീസ് കേസെടുത്തത്.
പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിന് പൊലീസ് തയ്യാറാക്കിയ സുരക്ഷാ പദ്ധതി ചോർന്നിരുന്നു. ഇന്‍റലിജന്‍സ് മേധാവി തയ്യാറാക്കിയ റിപ്പോർട്ടാണ് പുറത്തായത്. ഇന്റലിജന്‍സ് എഡിജിപി ടി.കെ.വിനോദ് കുമാറാണ് പ്രധാനമന്ത്രിക്കൊരുക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ വിശദീകരിക്കുന്ന 45 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പേരും വിശദാംശങ്ങളുമടങ്ങിയതാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രിയുടെ റൂട്ടില്‍ സുരക്ഷ നല്‍കേണ്ട ഉദ്യോഗസ്ഥര്‍,പരിപാടികളില്‍ സുരക്ഷയൊരുക്കേണ്ടവര്‍,ഭക്ഷണം പരിശോധിക്കേണ്ടവര്‍ എന്ന് തുടങ്ങി സന്ദര്‍ശനവുമായി ബന്ധപ്പെട്ട പൊലീസിന്‍റെ എല്ലാ നീക്കങ്ങളുമാണ് ചോര്‍ന്നത്. പൊലീസിനുണ്ടായ ഗുരുതര വീഴ്ചയില്‍ സംസ്ഥാന ഇന്‍റലിജന്‍സ് അന്വേഷണം ആരംഭിച്ചു. സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരാണ് റിപ്പോര്‍ട്ട് ചോര്‍ത്തിയതെന്നാണ് ബി.ജെ.പിയുടെ ആരോപണം.