രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രം പതിപ്പിച്ച കിറ്റുകൾ: പൊലീസ് കേസെടുത്തു
|കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെയാണ് കേസ്
കൽപറ്റ: വയനാട് തിരുനെല്ലിയിൽ ഭക്ഷ്യ കിറ്റുകൾ കണ്ടെത്തിയതിൽ പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച കിറ്റുകൾ പിടികൂടിയതിലാണ് നടപടി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ് ശശികുമാറിനെതിരെയാണ് കേസെടുത്തത്.
തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡാണ് കഴിഞ്ഞദിവസം കിറ്റുകൾ പിടികൂടിയത്. വോട്ടെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണു സംഭവം.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശശികുമാർ തോൽപ്പെട്ടിയുടെ വീടിനോട് ചേർന്ന മില്ലിൽ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകൾ. ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നൽകാനാണെന്ന് കിറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കർണാടക കോൺഗ്രസിന്‍റെ സ്റ്റിക്കറാണ് കിറ്റിൽ പതിപ്പിച്ചത്.
കിടപ്പുരോഗികൾ ഉൾപ്പെടെയുള്ള ദുരന്തബാധിതർക്കു വിതരണം ചെയ്യാൻ വേണ്ടി രണ്ടു മാസം മുൻപ് എത്തിച്ചതാണ് കിറ്റുകളെന്നാണ് കോൺഗ്രസ് വിശദീകരണം. കർണാടക ഉൾപ്പെടെയുള്ള പലഭാഗങ്ങളിൽനിന്ന് എത്തിച്ചവയാണ്. ബാക്കി സ്ഥലങ്ങളിലെല്ലാം വിതരണം പൂർത്തീകരിച്ചിരുന്നു. ഇവിടെ മറ്റു തിരക്കുകൾ കാരണം വിതരണം വൈകിയതിനാൽ സ്ഥലത്ത് സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.