Kerala
PK Firos, CK Subair, iuml,പി.കെ ഫിറോസ്- സി.കെ സുബൈര്‍
Kerala

കത്‌വ ഫണ്ട് തട്ടിപ്പ് ആരോപണം കള്ളമെന്ന് പൊലീസ്; രാഷ്ട്രീയവൈരാഗ്യം കാരണമുള്ള ആരോപണമെന്ന് കോടതിയിൽ റിപ്പോര്‍ട്ട് നല്‍കി

Web Desk
|
16 Oct 2023 7:00 AM GMT

രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് പി.കെ ഫിറോസിനും സി.കെ സുബൈറിനുമെതിരെ വെറുതെ പരാതി നൽകിയെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നത്

കോഴിക്കോട്: കത്‌വ ഫണ്ട് തട്ടിപ്പ് ആരോപണം കളവെന്ന് പൊലീസ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് എതിർകക്ഷികള്‍ക്കെതിരെ വെറുതെ പരാതി നല്‍കിയെന്നാണ് പൊലീസ് റിപ്പോർട്ട്.

കുന്ദമംഗലം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുന്ദമംഗലം പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. യൂത്ത് ലീഗ് നേതാക്കളായ പി.കെ ഫിറോസ്, സി.കെ സുബൈർ എന്നിവർക്കെതിരെയായിരുന്ന ആരോപണം. കത്‌വ പെണ്‍കുട്ടിക്കായി ശേഖരിച്ച തുകയില്‍ 15 ലക്ഷം രൂപ പി.കെ റിഫോസും സി.കെ സുബൈറും വകമാറ്റി ചെലവഴിച്ചെന്നായിരുന്നു പരാതി. യൂത്ത് ലീഗില്‍ നിന്ന് രാജിവെച്ച യൂസുഫ് പടനിലം ആയിരുന്നു പരാതിക്കാരന്‍.

കത്‌വ-ഉന്നാവോ ഇരകള്‍ക്കായി പിരിച്ച പണം നേതൃത്വം തട്ടിയെടുത്തെന്നായിരുന്നു യൂത്ത് ലീഗ് ദേശീയ സമിതി മുൻ അംഗം യൂസഫ് പടനിലത്തിന്റെ ആരോപണം. കേരളത്തിലെ യൂത്ത് ലീഗ് നേതാക്കളും വിഹിതം വാങ്ങിയെന്നും യൂസഫ് പടനിലം ആരോപിച്ചിരുന്നു. ഇതാണിപ്പോള്‍ രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് വെറുതെ പരാതി നല്‍കിയതാണെന്ന് പൊലീസ് വ്യക്തമാക്കുന്നത്.

പരാതിയിൽ നേരത്തെ സി.കെ സുബൈര്‍, പി.കെ ഫിറോസ് എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഐ.പി.സി 420 അനുസരിച്ച് വഞ്ചനാകുറ്റമാണ് രജിസ്റ്റർ ചെയ്തിരുന്നത്. പരാതിക്കാരനോട് തെളിവുകള്‍ ഹാജരാക്കാന്‍ പോലീസ് നിര്‍ദേശിച്ചിരുന്നു.

Watch Video Report




Similar Posts