കൊല്ലങ്കോട് വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് സാമ്പത്തിക തട്ടിപ്പിന് ഇരയായവരെന്ന് പൊലീസ്
|മധുര സ്വദേശികളായ മൂന്ന് പേരാണ് അറസ്റ്റിലായത്
പാലക്കാട്: പാലക്കാട് കൊല്ലങ്കോട് വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് സാമ്പത്തിക തട്ടിപ്പിന് ഇരയായവരെന്ന് പൊലീസ് . സ്വർണ നിധി കാണിച്ച് നൽകാമെന്ന് പറഞ്ഞ് കബീറും സുഹൃത്തുക്കളും ചേർന്ന് 38 ലക്ഷം രൂപ തട്ടിയെടുത്തതായി പ്രതികൾ മൊഴി നൽകി. മധുര സ്വദേശികളായ മൂന്ന് പേരാണ് അറസ്റ്റിലായത്.
മുതലട സ്വദേശിയായ കബീറിന്റെ ബൈക്കിൽ കാറിടിച്ച് വീഴ്ത്തിയ ശേഷം തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. മീനാക്ഷിപുരത്ത് വെച്ച് കാർ തടഞ്ഞ് പൊലീസാണ് കബീറിനെ രക്ഷിച്ചത്. സ്വർണനിധി നൽകാമെന്ന് പറഞ്ഞ് തമിഴ്നാട് സ്വദേശികളിൽ നിന്നും 38 ലക്ഷം രൂപ കബീറും , സുഹൃത്തുക്കളും വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. മധുരയിലെ വെങ്കിടേഷ് എന്ന വ്യക്തിയുടെ പറമ്പിൽ സ്വർണ നിധിയുണ്ടെന്ന് പറഞ്ഞ് പറമ്പ് മുഴുവൻ കുഴിച്ചു. കബീറും സുഹൃത്തുക്കളും കുഴിച്ചിട്ട വിഗ്രഹങ്ങൾ പുറത്തെടുത്തു. നിധി ലഭിക്കാനുള്ള പൂജയുടെ ചെലവിനെന്ന് പറഞ്ഞാണ് 38 ലക്ഷം രൂപ വാങ്ങിയത്. കബീറിനൊപ്പം മറ്റ് പലരും തട്ടിപ്പിന്റെ ഭാഗമായിട്ടുണ്ട്. സ്വർണ നിധി ലഭിക്കാതെ വന്നതോടെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് പ്രതികൾ പൊലീസിന് മൊഴി നൽകി.
മധുര സ്വദേശികളായ ഗൗതം , വിജയ് , ശിവ എന്നിവർ റിമാന്ഡിലാണ്. കബീറിനെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കും.