Kerala
കാട്ടിൽ കുടുങ്ങിയ പൊലീസ് സംഘം തിരിച്ചെത്തി
Kerala

കാട്ടിൽ കുടുങ്ങിയ പൊലീസ് സംഘം തിരിച്ചെത്തി

Web Desk
|
31 Jan 2024 3:20 AM GMT

കഞ്ചാവ് തോട്ടം നശിപ്പിച്ച ശേഷം വൈകിട്ടോടെ മടങ്ങി വരുന്നതിനിടെയാണ് ഇരുട്ടിൽ വഴിതെറ്റിയത്

പാലക്കാട്: കഞ്ചാവ് തോട്ടം അന്വേഷിക്കുന്നതിനിടെ അട്ടപ്പാടി കാട്ടിൽ കുടുങ്ങിയ പൊലീസ് സംഘം തിരിച്ചെത്തി.അഗളി ഡിവൈ.എസ്.പി ഉൾപ്പെടെ 14 പേരാണ് തിരിച്ചെത്തിയത്.പുലർച്ചെ ആറു മണിക്കാണ് മുക്കാലിയിൽ സംഘം തിരികെ എത്തിയത്.

മൊബൈൽ നെറ്റ് വർക്ക് ലഭിച്ചതിനാലാണ് കാട്ടിൽ കുടുങ്ങിയ വിവരം അറിയിക്കാൻ സാധിച്ചതെന്ന് അഗളി ഡിവൈ.എസ്.പി ജയകൃഷ്ണൻ പറഞ്ഞു. കഞ്ചാവ് തോട്ടം പൂർണമായി നശിപ്പിച്ചു. കാട്ടിനുള്ളിൽ കുറച്ച് ബുദ്ധിമുട്ടിയെന്നും ഭക്ഷണം തീർന്നതായും ഡിവൈ.എസ്.പി വ്യക്തമാക്കി.

ഇന്നലെ രാവിലെയാണ് കഞ്ചാവ് തോട്ടം തേടി അഗളി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘം അട്ടപ്പാടി കാട്ടിൽ പോയത്. പുതൂർ സ്റ്റേഷൻ പരിധിയിലെ കാട്ടിൽ വൻതോതിൻ കഞ്ചാവ് കൃഷിയുണ്ടെന്ന വിവരത്തെ തുടർന്നാണ് തിരച്ചിൽ നടത്തിയത്.

അഗളി ഡിവൈ.എസ്.പിയെ കൂടാതെ പുതൂർ എസ്.ഐയും വനം വകുപ്പ് ഉദ്യോഗസ്ഥരും അടക്കമുള്ളവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കഞ്ചാവ് തോട്ടം നശിപ്പിച്ച ശേഷം വൈകിട്ടോടെ മടങ്ങി വരുന്നതിനിടെയാണ് ഇരുട്ടിൽ വഴിതെറ്റിയത്. മൊബൈൽ നെറ്റ് വർക്ക് ഉള്ള സ്ഥലത്തുവെച്ച് കാട്ടിൽ കുടുങ്ങിയ വിവരം പുറത്തുള്ളവരെ അറിക്കുന്നത്. രാത്രി പത്തു മണിയോടെ യാത്ര തിരിച്ച മണ്ണാർകാട്- അട്ടപ്പാടി റേഞ്ചിലെ ഏഴംഗ റെസ്ക്യു സംഘം 11.45ഓടെ സ്ഥലത്തെത്തി.

Related Tags :
Similar Posts