മരണകാരണം സമ്മർദത്തെ തുടർന്നുണ്ടായ ഹൃദയാഘാതം; തണ്ണീർക്കൊമ്പന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി
|ശരീരത്തിൽ മുഴ, ഞരമ്പിൽ അമിത കൊഴുപ്പ്
വയനാട്: മാനന്തവാടിയിലെ ജനവാസകേന്ദ്രത്തിൽനിന്ന് വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയ ശേഷം ചെരിഞ്ഞ തണ്ണീർക്കൊമ്പന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. ആനയുടെ മരണകാരണം ഹൃദയാഘാതമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തമിഴ്‌നാട്‌കേരള വനംവകുപ്പ് വെറ്റിനറി ഡോക്ടർമാരുടെ ഒരു സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്.
ആനയ്ക്ക് സമ്മർദമുണ്ടായതാണ് ഹൃദയാഘാതത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിലുണ്ടായിരുന്ന മുഴ പഴുത്തുവെന്നും ഞരമ്പിൽ അമിത കൊഴുപ്പും കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറഞ്ഞു. ആനയുടെ ലിംഗത്തിൽ മുറിവുണ്ടായിരുന്നുവെന്നും വ്യക്തമാക്കി. ആന ആരോഗ്യവാനായിരുന്നുവെന്ന പ്രത്യക്ഷ നിഗമനം തള്ളുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
തണ്ണീർക്കൊമ്പനെ ഇന്നലെ രാത്രിയോടെയാണ് മയക്കുവെടിവെച്ച് ലോറിയിൽ കയറ്റി ബന്ദിപ്പൂരിലേക്ക് കൊണ്ടുപോയത്. കർണാടകയിലെ രാമപുരത്തുള്ള ആന വളർത്തുകേന്ദ്രത്തിലേക്കാണ് തണ്ണീർക്കൊമ്പനെ കൊണ്ടുപോയത്. മാനന്താവാടിയിൽ ഭീകാരനന്തരീക്ഷം സൃഷ്ടിച്ച കൊമ്പനെ 17 മണിക്കൂറിലേറെ നീണ്ട ദൗത്യത്തിലൂടെയാണ് കീഴടക്കിയിരുന്നത്. മുത്തങ്ങ ആനപ്പന്തിയിൽ നിന്നെത്തിച്ച സൂര്യ, വിക്രം, കോന്നി സുരേന്ദ്രൻ എന്നീ കുംകിയാനകളുടെ സഹായത്തോടെയാണ് ലോറിയിൽ കയറ്റിയത്.
റേഡിയോ കോളർ ഘടിപ്പിച്ച ആനയായിരുന്നു തണ്ണീർക്കൊമ്പൻ. കർണാടകയിലെ ഹാസനിൽനിന്ന് പിടികൂടി മൂലഹൊള്ളയിൽ തുറന്നുവിട്ട ആനയാണിത്. ജനവാസമേഖലയിൽ ഇറങ്ങിയ 'തണ്ണീർക്കൊമ്പനെ' ഇന്നലെ വൈകീട്ടാണ് ആർആർടി സംഘം മയക്കുവെടിവെച്ചത്. ആനയുടെ പിറകിലാണ് മയക്കുവെടി കൊണ്ടത്. താഴെയങ്ങാടിയിലെ വാഴത്തോട്ടത്തിൽ വെച്ചാണ് ആനയെ മയക്കുവെടിവെച്ചത്. വെടിയേറ്റ ആന പരിഭ്രാന്തി സൃഷ്ടിച്ച് ഓടിയേക്കുമെന്ന് ഭയന്നിരുന്നു. എന്നാൽ നേരത്തെ നിന്നപോലെ തന്നെ ആന നിന്നു. തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കുംകിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റുകയായിരുന്നു.