കോവിഡ് ചികിത്സയിൽ വീഴ്ചവരുത്തിയതിന് സ്വകാര്യ ആശുപത്രി ഡി.എം.ഒ പൂട്ടിച്ചു
|ഇവിടെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ മൂന്നുപേർ കോവിഡ് ബാധിച്ച് മരിച്ചു . ഇതോടെയാണ് ബന്ധുക്കൾ പരാതിയുമായി ഡി.എം.ഒയെ സമീപിച്ചത്
തൃശൂരിൽ കോവിഡ് ചികിത്സയിൽ വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയ സ്വകാര്യ ആശുപത്രി ഡി.എം.ഒ പൂട്ടിച്ചു. വല്ലച്ചിറയിലെ ശാന്തി ഭവൻ പാലിയേറ്റീവ് ആശുപത്രിയാണ് പൂട്ടിച്ചത്. ഡി.എം.ഒ ഡോ. കെ.ജെ റീനയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ആശുപത്രിയിൽ മതിയായ ചികിത്സാ സൗകര്യമില്ലെന്ന് കണ്ടെത്തിയത്.
തൃശ്ശൂർ വല്ലച്ചിറ പല്ലിശ്ശേരിയിലെ ശാന്തി ഭവൻ പാലിയേറ്റീവ് ആശുപത്രിയിൽ 40 അന്തേവാസികളാണ് ഉള്ളത്. 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ മൂന്നുപേർ കോവിഡ് ബാധിച്ച് മരിച്ചു .
ഇതോടെയാണ് ബന്ധുക്കൾ പരാതിയുമായി ഡി.എം.ഒയെ സമീപിച്ചത്. പരാതി പരിശോധിച്ചതോടെ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്കുള്ള സൗകര്യമില്ലെന്ന് കണ്ടെത്തി. അപകാത കണ്ടെത്തിയതിനെ തുടർന്ന് കോവിഡ് പോസ്റ്റീവായവരെ ആശുപത്രികളിലേക്ക് മാറ്റി. ബാക്കിയുള്ളവരെ കോവിഡ് പരിശോധനക്ക് വിധേയരാക്കി.
നെഗറ്റീവായവരിൽ ബന്ധുക്കൾ ഉള്ള അന്തേവാസികളെ അവരോടൊപ്പം പറഞ്ഞുവിട്ടു. ബാക്കിയുള്ളവരെ സർക്കാർ സംരക്ഷണയിലേക്ക് മാറ്റി. എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് ലോ പ്രകാരമുള്ള നടപടികൾ ആശുപത്രി പൂർത്തികരിച്ചിട്ടില്ലെന്നും കണ്ടെത്തി. സംഭവത്തിൽ ആശുപത്രിക്ക് എതിരെ ഡി.എം.ഒ തയ്യാറാക്കുന്ന റിപ്പോർട്ട് കളക്ടർക്ക് കൈമാറും. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും തുടർനടപടി.