Kerala
വിവാദം ബാക്കി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു
Kerala

വിവാദം ബാക്കി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു

Web Desk
|
8 March 2022 4:07 PM GMT

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ സന്തുലിതവും സമഗ്രവും പ്രായോഗികവുമായ നിർദ്ദേശങ്ങൾ റിപ്പോർട്ടിലുണ്ടെന്ന് കമ്മീഷൻ

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി ഏർപ്പെടുത്തിയ സംവരണം സംബന്ധിച്ച് വിവാദം ബാക്കി നിൽക്കേ അത്തരം കുടുംബങ്ങളുടെ സർവേ നടത്തി അവർ നേരിടുന്ന വിഷമതകളും പ്രശ്നങ്ങളും പഠിച്ച് തയ്യാറാക്കിയ റിപ്പോർട്ട് സമർപ്പിച്ചു. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, അംഗങ്ങളായ അഡ്വ. എം. മനോഹരൻ പിള്ള, എ.ജി. ഉണ്ണികൃഷ്ണൻ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോർട്ട് സമർപ്പിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ സന്തുലിതവും സമഗ്രവും പ്രായോഗികവുമായ നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് കമ്മീഷൻ അറിയിച്ചു.

മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ഓരോ വിഭാഗത്തിനും അർഹതപ്പെട്ട സംവരണം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താനുള്ള സാമ്പത്തിക സർവേ ഉദ്ഘാടനം ചെയ്യവേയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുന്നാക്ക സംവരണത്തിന്റെ പേരിൽ വിവാദത്തിനാണ് ശ്രമം നടക്കുന്നത്. വൈകാരിക പ്രശ്നമാക്കി ഭിന്നിപ്പിനാണ് ശ്രമം. യഥാർഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലുള്ള സംവരണം ആർക്കും ഇല്ലാതിയിട്ടില്ല. നിലവിലെ സംവരണം അട്ടിമറിച്ചല്ല സാമ്പത്തിക സംവരണം നടപ്പിലാക്കിയത്. 10% സംവരണത്തിന്റെ പേരിൽ വലിയ വിവാദം ഉണ്ടാക്കാനാണ് പലരും ശ്രമിക്കുന്നത് മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ ജനവിഭാഗത്തെയും പാവപ്പെട്ട ജനവിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്നാക്ക സംവരണം: സര്‍ക്കാര്‍ സര്‍വീസില്‍ മെറിറ്റ് ക്വാട്ടയില്‍ വന്‍ നഷ്ടം

മുന്നാക്ക സംവരണം നടപ്പാക്കിയതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ സര്‍വീസില്‍ ഓപണ്‍ മെറിറ്റ് ക്വാട്ടയില്‍ വന്‍ നഷ്ടം. ആകെ തസ്തികയുടെ 10 ശതമാനം മുന്നാക്ക വിഭാഗത്തിന് മാറ്റിവെച്ചതോടെ ഓപണ്‍ മെറിറ്റ് തസ്തിക 40 ശതമാനമായി കുറഞ്ഞു. ഒന്‍പതാം നിയമനം മുന്നാക്ക വിഭാഗത്തിന് നല്‍കുന്ന തരത്തിലാണ് സംവരണ വ്യവസ്ഥ നിശ്ചയിച്ചിരിക്കുന്നത്. മുന്നാക്ക സംവരണം നടപ്പാക്കാനായി സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറത്തു വന്നതോടെയാണ് ജനറല്‍ ക്വാട്ടയിലെ നഷ്ടം വ്യക്തമായത്. പുതിയ ഉത്തരവിലെ റൊട്ടേഷന്‍ വ്യവസ്ഥയനുസരിച്ച് 100 തസ്തികയില്‍ 10 തസ്തിക മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. അതായത് ആകെ തസ്തികയുടെ 10 ശതമാനം സംവരണം.

ആകെ തസ്തികയുടെ 10 ശതമാനം മുന്നാക്ക സംവരണത്തിനായി മാറ്റിവെക്കുമ്പോള്‍ പൊതുവിഭാഗത്തിനായി മാറ്റിവെച്ച 50 ശതമാനം 40 ശതമാനമായി മാറും. 50 ശതമാനം സംവരണം 50 ശതമാനം മെറിറ്റ് എന്നത് 40 ശതമാനം മെറിറ്റും 60 ശതമാനം സംവരണവും ആയി. അതായത് ജനറല്‍ ക്വാട്ടയില്‍ പ്രവേശനം നേടാന്‍ കഴിവുള്ള പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള അവസരവും കുറയും. പുതിയ റൊട്ടേഷന്‍ പ്രകാരം ഒമ്പതാമത്തെ നിയമനം മുന്നാക്ക സംവരണ വിഭാഗത്തിലുള്ളവര്‍ക്കാണ്. 9 പേരെ നിയമിച്ചാല്‍ തന്നെ മുന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് നിയമനം ലഭിക്കും. ഫലത്തില്‍ 10 ശതമാനത്തിന് മുകളിലേക്ക് സംവരണം ലഭിക്കുന്ന രീതിയിലേക്ക് മാറുന്നുവെന്നും നിരീക്ഷിക്കുന്നവരുണ്ട്. ഉദ്യോഗസ്ഥ തലത്തില്‍ മുന്നാക്ക സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സര്‍വീസ് ചട്ടത്തിലും ഭേദഗതി വരുത്തിയത്.

മുന്നാക്ക സംവരണത്തിനുള്ള വരുമാന പരിധി ഈ വർഷം 8 ലക്ഷമായി തുടരുമെന്ന് കേന്ദ്ര സർക്കാർ

മുന്നാക്ക സംവരണത്തിനുള്ള വരുമാന പരിധി ഈ വർഷം 8 ലക്ഷമായി തുടരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംവരണ മാനദണ്ഡത്തിലെ മാറ്റങ്ങൾ അടുത്ത വർഷം മുതൽ നടപ്പാക്കുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.മെഡിക്കൽ കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കുന്നതിനും നിലവിലെ നിബന്ധനകൾ തന്നെയായിരിക്കും രാജ്യം മുഴുവനും ബാധകമെന്നും കേന്ദ്രം അറിയിച്ചു. നിബന്ധനകൾ മാറ്റുന്നത് അടുത്ത വർഷം പരിഗണിക്കും. മുന്നാക്ക സംവരണത്തിനുള്ള നിബന്ധനകൾ ഇപ്പോൾ മാറ്റിയാൽ പ്രവേശനം നേടുന്നതും നീറ്റ് പരീക്ഷ പാസായ വിദ്യാർഥികൾക്ക് കോളജ് അനുവദിക്കുന്നതും സങ്കീർണമാകും.

കഴിഞ്ഞ ജൂലൈ 29നാണ് മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ ഉത്തരവിട്ടത്. ഇതിനെ ചോദ്യം ചെയ്തു നിരവധി പൊതുതാത്പര്യഹർജികൾ സുപ്രീം കോടതിയിൽ ലഭിച്ചിരുന്നു. മുന്നാക്ക സംവരണത്തിനുള്ള വാർഷിക വരുമാനപരിധി 8 ലക്ഷം രൂപയായി തുടരണമെന്ന ശുപാർശയുമായി കേന്ദ്ര സർക്കാർ നിയോഗിച്ച മൂന്നംഗ സമിതി റിപ്പോർട്ട് നൽകിയിരുന്നു. അഖിലേന്ത്യാ ക്വോട്ട മെഡിക്കൽ പ്രവേശനത്തിനുള്ള 10% മുന്നാക്ക സംവരണം, 27% ഒബിസി സംവരണം എന്നിവ സംബന്ധിച്ച് സുപ്രീം കോടതിയിലുള്ള കേസിന്റെ പശ്ചാത്തലത്തിലാണു റിപ്പോർട്ട് നൽകിയത്. 2020ൽ മുന്നാക്ക സംവരണാനുകൂല്യം ലഭിച്ച 91% വിദ്യാർഥികളുടെയും കുടുംബ വാർഷിക വരുമാനം 5 ലക്ഷത്തിൽ താഴെയാണെന്നും സമിതി കണ്ടെത്തി. മറ്റു പരീക്ഷകളുടെ കാര്യത്തിലും സ്ഥിതി സമാനമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വരുമാന പരിധി മാറ്റേണ്ടെന്ന തീരുമാനത്തിൽ സമിതി എത്തിയത്.

The report was prepared by surveying the economically backward families of the advanced sections and studying the difficulties and problems they face.



Similar Posts