Kerala
കായികമേളയിലെ കയ്യാങ്കളി; പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകി സ്‌കൂൾ അധികൃതർ
Kerala

കായികമേളയിലെ കയ്യാങ്കളി; പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകി സ്‌കൂൾ അധികൃതർ

Web Desk
|
11 Nov 2024 2:35 PM GMT

പ്രതിഷേധിച്ചത് ശരിയായില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

എറണാകുളം: സംസ്ഥാന സ്‌കൂൾ കായികമേളയിലെ പോയിന്റ് പട്ടികയെച്ചൊല്ലി പരാതി നൽകി സ്‌കൂൾ അധികൃതർ. നാവമുകുന്ദാ, മാർ ബേസിൽ സ്‌കൂളുകളുടെ അധികൃതരാണ് പരാതി നൽകിയത്.

കായികമേളയുടെ ഒദ്യോഗിക സൈറ്റിൽ 80 പോയിന്റുകളുമായി ഒന്നാം സ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശേരിക്കും, രണ്ടാം സ്ഥാനം 44 പോയിന്റുകളോടെ നാവമുകുന്ദ എച്ച്.എസ്.എസ് തിരുനാവായയ്കും, മൂന്നാം സ്ഥാനം മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലത്തിനുമായിരുന്നു. എന്നാൽ 55 പോയിന്റുകളുള്ള സ്പോർസ് ഹോസ്റ്റൽ വിഭാഗത്തിൽ പെടുന്ന ജി.വി രാജ സ്പോർട് സ്‌കൂളിന് രണ്ടാം സ്ഥാനം നൽകുകയായിരുന്നു.

തുടർന്ന് രണ്ടാം സ്ഥാനത്തുള്ള നാവമുകുന്ദ എച്ച്.എസ്.എസ് തിരുനാവായ മൂന്നാം സ്ഥാനത്തിലേക്കും മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം നാലാം സ്ഥാനത്തേക്കും തള്ളപ്പെടുകയായിരുന്നു.

ഒരറിയിപ്പുമില്ലാതെ സ്‌പോർട്‌സ് സ്‌കൂളിനെ മികച്ച സ്‌കൂളുകളുടെ പട്ടികയിൽ പെടുത്തുകയും രണ്ടാം സ്ഥാനത്തിന്റെ പുരസ്‌കാരം നൽകുകയും ചെയ്യ്തിന് പിന്നാലെയാണ് മൂന്നും നാലും സ്ഥാനത്തേക്ക് തള്ളപ്പെട്ട സ്‌കൂളുകളിലെ വിദ്യാർഥികൾ പ്രതിഷേധത്തിലേക്ക് കടന്നത്.

പരാതിയുമായി എത്തിയ സ്‌കൂൾ അധികൃതരോട് പ്രതിഷേധിച്ചത് ശരിയായില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു പ്രതികരിച്ചു. സമാപന പരിപാടികൾ തടസ്സപ്പെടുത്തരുതായിരുന്നു. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തുമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സംഭവത്തിൽ പ്രതികരിച്ചത്.

കായികമേളയുടെ വേദിക്ക് പരിസരത്ത് പ്രതിഷേധിച്ച വിദ്യാർഥികളും അധ്യാപകരും ഏറെ നേരത്തിന് ശേഷം പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങി.

ഇതിനിടെ കായികമേളയുടെ സ്കൂൾ പോയിൻ്റ് പട്ടിക ഔദ്യോഗിക സൈറ്റിൽ നിന്ന് ഒഴിവാക്കി.

Similar Posts