തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകര്‍ന്നു വീണു
|സ്കൂളിലെ ഓഫീസ്, സ്റ്റാഫ്റൂമുകൾ, ലാബുകൾ എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്
തിരുവനന്തപുരം ആറ്റിങ്ങൽ ആലംകോട് ഗവ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം തകര്‍ന്നു വീണു. സ്കൂളിലെ ഓഫീസ്, സ്റ്റാഫ്റൂമുകൾ, ലാബുകൾ എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. ആശങ്കപ്പെടേണ്ടതില്ലെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
ഇന്നലെ രാവിലെയാണ് കെട്ടിടത്തിന്‍റെ മുകൾ ഭാഗം തകർന്നു വീണത് ശ്രദ്ധയിൽപെട്ടത്. 40 വർഷത്തെ പഴക്കമുള്ള ഈ കെട്ടിടത്തിൽ ക്ലാസ്സുകൾ കൂടാതെ ഓഫീസ്, സ്റ്റാഫ്റൂമുകൾ, ലാബുകൾ എന്നിവയെല്ലാം പ്രവർത്തിക്കുന്നുണ്ട്. നവംബർ 1ന് സ്കൂൾ തുറക്കാൻ ഇരിക്കവേ ഉണ്ടായ അപകടം രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാല്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും തല്‍ക്കാലം ക്ലാസുകള്‍ മറ്റ് മുറികളിലേക്ക് മാറ്റി സജ്ജീകരിക്കാനുളള നടപടികള്‍ സ്വീകരിച്ചുവെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
എന്നാല്‍ സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് അനുവദിക്കില്ലെന്ന് സ്കൂൾ സന്ദർശിച്ച ബാലാവകാശ കമ്മിഷൻ പ്രതിനിധികൾ പറഞ്ഞു. പുനർനിർമാണം കഴിഞ്ഞാലും സ്കൂൾകെട്ടിടം വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും. കെട്ടിടം ക്ലാസ് നടത്തുന്നതിന് അനുയോജ്യമാണെന്ന് വിദഗ്ധരുടെ വിലയിരുത്തലിന് ശേഷം മാത്രമാകും ഫിറ്റ്നസ് നൽകുന്ന കാര്യം പരിഗണിക്കുക.