അധ്യയന വര്‍ഷം തീരുന്നു; പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് 100ലധികം സ്കൂളുകളിൽ
|പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് കൂടുതല്‍ സീറ്റുകളും വെറുതെകിടക്കുന്നത്.
തിരുവനന്തപുരം: അധ്യയന വര്‍ഷം അവസാനിക്കുമ്പോള്‍ സംസ്ഥാനത്ത് 100ലധികം സ്കൂളുകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. തെക്കന്‍ ജില്ലകളിലെ വിവിധ സ്കൂളുകളില്‍ പകുതിയിലധികം സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. അധികം വന്ന സീറ്റുകള്‍ മലബാര്‍ മേഖലയിലേക്ക് അനുവദിക്കുന്നതിനെ കുറിച്ച് ആലോചനകള്‍ പുരോഗമിക്കുകയാണ്. ശാസ്ത്രീയമായ പഠനം നടത്തിവേണം സീറ്റ് പുനഃക്രമീകരിക്കാനെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനകള്‍ രംഗത്തുവന്നു.
സര്‍ക്കാര്‍ എയ്ഡഡ് മേഖലകളിലായി 108 സ്കൂളുകളിലാണ് പകുതിയിലുമധികം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്. ഇതില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് കൂടുതല്‍ സീറ്റുകളും വെറുതെകിടക്കുന്നത്. കോട്ടയത്ത് പകുതിയില്‍ താഴെ മാത്രം കുട്ടികള്‍ പഠിക്കുന്ന 22 സ്കൂളുകള്‍ ഉണ്ട്. പത്തനംതിട്ടയിലാവട്ടെ 19 സ്കൂളുകളില്‍ സമാന അവസ്ഥയാണ്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ 15 സ്കൂളുകളില്‍ പകുതി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഗ്രാമീണ മേഖലകളില്‍ 20ല്‍ താഴെ കുട്ടികള്‍ പഠിക്കുന്ന ക്ലാസുകള്‍ പോലുമുണ്ട്‍. എന്നാല്‍ തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ മറിച്ചാണ് സ്ഥിതി.
തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ആകെ അഞ്ച് സ്കൂളുകളില്‍ മാത്രമാണ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്, അതും വിരലിലലെണ്ണാവുന്ന സീറ്റുകള്‍ മാത്രം. ഒരു ബാച്ചില്‍ 50 വിദ്യാര്‍ഥികളെന്ന വിദഗ്ധ സമിതിയുടെ നിര്‍ദേശം നിലനില്‍ക്കെ മലബാര്‍ ജില്ലകളില്‍ 65 വിദ്യാര്‍ഥികള്‍ വരെ പഠിക്കുന്ന ക്ലാസുകളുണ്ട്. തെക്കന്‍ ജില്ലകളിലെ ഈ ബാച്ചുകള്‍ മലബാര്‍ മേഖലയിലേക്ക് അനുവദിക്കാനുള്ള ആലോചന സര്‍ക്കാര്‍ തലത്തില്‍ നടക്കുകയാണ്. എന്നാല്‍ അധ്യാപകരുടെ തസ്തിക നഷ്ടം അടക്കമുള്ള പ്രതിസന്ധി ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നു.
അധിക ബാച്ച് അനുവദിക്കലും സീറ്റ് പുനഃക്രമീകരണവും ശാസ്ത്രീയമായ പഠനത്തിനു ശേഷം മതി എന്ന നിലപാടിലാണ് അധ്യാപകര്‍. തെക്കന്‍ മേഖലകളിലെ ബാച്ചുകള്‍ വെട്ടിക്കുറച്ചാല്‍ ഗ്രാമീണ- ആദിവാസി മേഖലകളിലെ കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്കയും അധ്യാപകര്‍ക്കുണ്ട്. അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് സീറ്റ് പുനഃക്രമീകരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നീക്കം.