കീഴൂരിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ പ്രവാസി യുവാവിനായി തിരച്ചിൽ തുടരുന്നു
|ഈശ്വർ മാൽപെ സംഘം ഇന്ന് എത്തിയേക്കും
കാസർകോട്: കീഴൂർ ഹാർബറിന് സമീപം ചൂണ്ടയിടുന്നതിനിടെ കാണാതായ പ്രവാസി യുവാവിനെ കണ്ടെത്താനുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിൽ. സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി തിരച്ചിൽ നടത്താത്തതിൽ പ്രതിഷേധം ശക്തമാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. കൊച്ചിയിൽനിന്ന് നാവിക സേനയുടെ മുങ്ങൽ വിദഗ്ധരെ എത്തിക്കാൻ ശ്രമിക്കുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഷിരൂരിൽ അർജുന് വേണ്ടി തിരച്ചിൽ നടത്തിയ ഈശ്വർ മാൽപെ സംഘവും ഇന്ന് എത്തിയേക്കും.
ശനിയാഴ്ച്ച പുലർച്ചെ ചുണ്ടയിടാനായി കീഴൂരിലെ ഹാർബറിൽ എത്തിയ ചെമ്മനാട് കല്ലുവളപ്പിലെ കെ. മുഹമ്മദ് റിയാസിനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. റിയാസിന് വേണ്ടി കഴിഞ്ഞ നാലു ദിവസമായി നാട്ടുകാരും സുഹൃത്തുക്കളും അഴിമുഖത്തും കടൽ കരയിലും രാപ്പകൽ തിരച്ചൽ നടത്തുന്നുണ്ടങ്കിലും സൂചനകളൊന്നും കിട്ടിയില്ല. സർക്കാർ ഏജൻസികൾ കാര്യക്ഷമമായി തിരച്ചിൽ നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ആധുനിക സംവിധാനം എത്തിച്ച് തിരച്ചിൽ ശക്തമാക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാരുടെ നേതൃത്വത്തിൽ കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാത ഉപരോധിച്ചത്.
കടലിൽ തിരച്ചിൽ നടത്താൻ നാവിക സേനയുടെ സഹായം തേടിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഷിരൂരിൽ അർജുന് വേണ്ടി തിരച്ചിൽ നടത്തിയ ഈശ്വർ മൽപെ സംഘത്തെ കീഴൂർ എത്തിക്കാൻ എ.കെ.എം അഷ്റഫ് എംഎൽഎ ഇടപ്പെട്ടിട്ടുണ്ട്. തിരച്ചിലിനായി ഇന്ന് ഈശ്വർ മാൽപെ സംഘം എത്തുമെന്നാണ് വിവരം.