അർജുനായുള്ള തിരച്ചിൽ താൽകാലികമായി നിർത്തി; ഗോവിയിൽ നിന്നു ഡ്രഡ്ജർ എത്തിച്ച ശേഷം പുനരാരംഭിക്കും
|ഡ്രഡ്ജർ ബുധനാഴ്ച എത്തുമെന്ന് സൂചന
അങ്കോള: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി. ഗോവിയിൽ നിന്നുള്ള ഡ്രഡ്ജർ ഷിരൂരിലെത്തിച്ചതിന് ശേഷം മാത്രമേ ഇനിയുള്ള തിരച്ചിൽ ആരംഭിക്കുകയുള്ളു. ഡ്രഡ്ജർ ബുധനാഴ്ച എത്തുമെന്നാണ് സൂചന.
മുങ്ങൽവിദഗ്ധൻ ഈശ്വർ മാൽപ്പെയുടെ നേതൃത്വത്തിലുള്ള സംഘം ഗംഗാവലിപ്പുഴയിൽ രാത്രി വൈകിയും തിരച്ചിൽ തുടർന്നിരുന്നു. എന്നാൽ ഇരുട്ട് വീണതോടെ ഇത് അവസാനിപ്പിക്കുകയായിരുന്നു. ഇന്നലെ പെയ്ത മഴയിൽ വെള്ളം കലങ്ങിയതിനാൽ രക്ഷാപ്രവർത്തനത്തെ നേരിയ തോതിൽ ബാധിച്ചിരുന്നു. ഇന്ന് രാവിലെ ഗംഗാവലിപ്പുഴയിൽ ആരംഭിച്ച തിരച്ചിലിൽ വലിയ ലോഹഭാഗവും അർജുൻ്റെ ലോറിയിൽ തടി കെട്ടാൻ ഉപയോഗിച്ച കയറും കണ്ടെത്തി. എന്നാൽ തിരച്ചിലിൽ കണ്ടെത്തിയ ലോഹ ഭാഗങ്ങൾ ലോറിയുടേതല്ലെന്ന് അർജുന്റെ ലോറിയുടെ ഉടമ മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.