വഖഫ് നിയമനം: ലീഗ് രണ്ടാംഘട്ട പ്രക്ഷോഭത്തിന്
|തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാര്യ കാരണങ്ങൾ വ്യക്തമാക്കുന്ന ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തകർക്കെതിരെ ചില മണ്ഡലങ്ങളിൽ ശക്തമായ നടപടിയെടുക്കാൻ ലീഗ് തീരുമാനിച്ചിട്ടുണ്ട്
വഖഫ് സംരക്ഷണ സമരങ്ങളുടെ രണ്ടാംഘട്ടം ഈ മാസം 27 ന് ആരംഭിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ഇതിന്റെ ഭാഗമായി ജില്ലാ അടിസ്ഥാനത്തിൽ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്താനും ഫെബ്രുവരിയിൽ നിയമസഭ മാർച്ച് സംഘടിപ്പിക്കാനും തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. അതേസമയം പഞ്ചായത്ത് തലത്തിൽ രാപ്പകൽ സമരം സംഘടിപ്പിക്കാനും ധാരണയായിട്ടുണ്ട്. വഖഫ് നിയമന വിഷയത്തിൽ ലീഗ് സംഘടിപ്പിച്ച നേതൃ യോഗത്തിലാണ് തീരുമാനം.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാര്യ കാരണങ്ങൾ വ്യക്തമാക്കുന്ന ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തകർക്കെതിരെ ചില മണ്ഡലങ്ങളിൽ ശക്തമായ നടപടിയെടുക്കാൻ ലീഗ് തീരുമാനിച്ചിട്ടുണ്ട്. ചില ഭാരവാഹികളെ നേതൃത്വം നേരിട്ട് വിളിച്ച് കർശന നടപടിയെടുത്തേക്കും. മുസ്‌ലിം ലീഗിന്റെ മെമ്പർഷിപ്പ് ആഗ്രഹിക്കുന്നവർക്ക് ഇത്തവണ അംഗത്വം എടുക്കാനുള്ള സൗകര്യം ഓൺലൈൻ വഴി സാധ്യമാക്കുമെന്നും മാർച്ച് ഒന്നിന് ആരംഭിക്കുന്ന മെമ്പർഷിപ്പ് പ്രവർത്തനം മാർച്ച് 31 നാണ് അവനസാനിക്കുകയെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു. ലീഗ് പ്രവർത്തകരിൽ ശാസിക്കേണ്ടവരെ ശാസിക്കുമെന്നും മാറ്റി നിർത്തേണ്ടവരെ മാറ്റി നിർത്തുമെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസത്തിനെതിരെ ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ള സി.പി.എം നേതാക്കളുടെ നിരന്തര ലീഗ് വിമർശനം നേതൃയോഗത്തിൽ ചർച്ചയായിരുന്നു. കോഴിക്കോട്ടെ വഖഫ് സംരക്ഷണ റാലി വൻ വിജയമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടർ പ്രക്ഷോഭങ്ങൾക്ക് മുസ്‌ലിം ലീഗ് ഒരുങ്ങുന്നത് . മുഖ്യമന്ത്രി വാക്കാൽ നൽകിയ ഉറപ്പിനപ്പുറം സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നതും രണ്ടാം ഘട്ട സമരത്തിന്റെ ആവശ്യകതയായി ലീഗ് വിലയിരുത്തുന്നുണ്ട് . നിയമസഭ പാസാക്കിയ നിയമം സഭയിൽ തന്നെ പിൻവലിക്കണമെന്നാണ് ലീഗിന്റെ ആവശ്യം.സമസ്ത സുവർണ ജൂബിലി സമ്മേളന വേദിയിൽ ലീഗിനു ലഭിച്ച പിന്തുണ മുസ് ലിം ലീഗിന് ഊർജം നൽകുന്നതാണ്. ലീഗുമായുള്ള ബന്ധത്തെ പരോക്ഷമായി പരാമർശിച്ച സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചു പോകുന്നത് സമസ്തയുടെ രീതിയാണെന്നും വ്യക്തമാക്കി. എന്നാൽ സർക്കാരിനെ എതിർക്കേണ്ട സാഹചര്യം വന്നാൽ എതിർക്കുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ലീഗ് സമസ്ത ബന്ധത്തിൽ വ്യക്തത നൽകുന്നതായിരുന്നു സമസ്ത ജോയിൻ സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാരുടെ പ്രസംഗം. പി.കെ കുഞ്ഞാലിക്കുട്ടി, സാദിഖ് അലി ശിഹാബ് തങ്ങൾ എന്നിവരടക്കമുള്ള ലീഗ് നേതാക്കൾ പങ്കെടുത്ത സമസ്ത മലപ്പുറം ജില്ലാ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിലായിരുന്നു നേതാക്കളുടെ പ്രതികരണം.