Kerala
എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികള്‍ തമ്മിൽ കയ്യാങ്കളി
Kerala

എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികള്‍ തമ്മിൽ കയ്യാങ്കളി

Web Desk
|
10 Jun 2023 2:54 PM GMT

പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് ആദിത്യനെ മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് പ്രതിനിധികള്‍ തമ്മിൽ ഉന്തും തള്ളും ഉണ്ടായത്

തിരുവനന്തപുരം: എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ കയ്യാങ്കളി. പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് ആദിത്യനെ മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് പ്രതിനിധികള്‍ തമ്മിൽ ഉന്തും തള്ളും ഉണ്ടായത്. കാട്ടാക്കട ആൾമാറാട്ട വിവാദത്തിൽ ആരോപണ വിധേയനാണ് ആദിത്യൻ. വഞ്ചിയൂർ ഏരിയയിൽ നിന്നുള്ള നന്ദനെ ജില്ലാ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായി ആദർശ് തുടരും.

നേരത്തെ തന്നെ ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. കാട്ടാക്കടയിലെ ആൾമാറാട്ടത്തില്‍ ജില്ലാ നേതാക്കൾക്കും പങ്കുണ്ടെന്നും ജില്ലാ സമ്മേളനത്തില്‍ ചിലർ ആരോപിച്ചിരുന്നു. പ്രായപരിധി കഴിഞ്ഞവര്‍ പുതിയ കമ്മിറ്റിയില്‍ വരാതിരിക്കാന്‍ പ്രതിനിധികള്‍ എസ്.എസ്. എൽ.സി സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് ‍ സി.പി.എം ജില്ലാസെക്രട്ടറി നിർദേശം നല്‍കിയിട്ടുണ്ട്. എസ്.എഫ്.ഐക്ക് വലിയ നാണക്കേട് ഉണ്ടാക്കിയ സംഭവത്തില്‍ മുഴുവൻ പേർക്കെതിരെയും നടപടി വേണമെന്ന് ആവശ്യം ചില പ്രതിനിധികള്‍ മുന്നോട്ട് വച്ചു.

യൂണിവേഴ്സിറ്റി കോളേജ് കുത്ത് കേസിലെ പ്രതിയെ ഏരിയ സെക്രട്ടറി ആക്കിയെന്നാണ് മറ്റൊരു വിമർശനം. എസ്.കെ. ആദർശിന് 26 വയസ്സു കഴിഞ്ഞിട്ടും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിലനിർത്തിയെന്നും പ്ലസ് ടൂ വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള സെക്രട്ടറി എന്നും ചിലര്‍ പരിഹസിച്ചു. ഇതോടെയാണ് പ്രതിനിധികള്‍ എസ്.എസ്.എൽ.സി ബുക്കുമായി സമ്മേളനത്തിന് എത്താൻ സിപിഎം ജില്ലാ സെക്രട്ടറി നിര്‍ദേശിച്ചത്.

സംസ്ഥാന സമിതി അംഗം ലഹരി ഉപയോഗിക്കുന്ന ചിത്രങ്ങള്‍ അടക്കം പുറത്ത് വന്നിട്ടും നടപടി എടുത്തില്ലെന്നതും വിമര്‍ശനത്തിന് കാരണമായി. സംസ്ഥാന സമിതി അംഗം നിരഞ്ജനെതിരെയാണ് ആരോപണം. പാറശ്ശാല,വിതുര കമ്മറ്റികളിൽ നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവരാണ് നിരഞ്ജനെതിരെ വിമർശനമുന്നയിച്ചത്.

Similar Posts