തളിപ്പറമ്പിൽ കടയുടമയെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് പിഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ
|തളിപ്പറമ്പ് എളമ്പേരം പാറയിലായിരുന്നു ഹർത്താലിനിടെ പിഎഫ്‌ഐ പ്രവർത്തകർ കടയുമയെ ഭീഷണിപ്പെടുത്തിയത്
തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ കടയുടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് പിഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. പന്നിയൂർ സ്വദേശികളായ അൻസാർ, ജംഷീർ എന്നിവരാണ് അറസ്റ്റിലായത്. തളിപ്പറമ്പ് സിഐ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തളിപ്പറമ്പ് എളമ്പേരം പാറയിലായിരുന്നു ഹർത്താലിനിടെ പിഎഫ്‌ഐ പ്രവർത്തകർ കടയുമയെ ഭീഷണിപ്പെടുത്തിയത്. സിസ്റ്റം കെയർ എന്ന മൊബൈൽ ഷോപ്പ് കടയുടമയെയാണ് ഭീഷണിപ്പെടുത്തിയത്.
എന്നാൽ, പിഎഫ്ഐ പ്രവർത്തകന്റെ ഭീഷണിക്ക് വഴങ്ങാത്ത കടയുടമ കട തുറന്നു പ്രവർത്തിപ്പിച്ചു. 'ഇന്ന് ഹർത്താൽ ആണെന്ന് അറിയില്ലേ എന്നായിരുന്നു' ഹർത്താൽ അനുകൂലിയുടെ ആദ്യ ചോദ്യം. എനിക്ക് കുറച്ച് പണിയുണ്ടെന്ന് കടയുടമ മറുപടി പറഞ്ഞു.
'ഹർത്താലിന് പണിയെടുക്കാൻ പറ്റില്ലെന്ന് അറിയില്ലേ' എന്നായിരുന്നു രണ്ടാമത്തെ ചോദ്യം. അങ്ങനെ നിർബന്ധമില്ലല്ലോ എന്നായിരുന്നു കടയുടമയുടെ മറുപടി. ഈ മറുപടിയിൽ പ്രകോപിതനായ ഹർത്താൽ അനുകൂലി കടയിലെ സാധനങ്ങൾ വലിച്ചെറിഞ്ഞു. കൂടെയുണ്ടായ മറ്റൊരു ഹർത്താൽ അനുകൂലി ഇയാളെ പിൻതിരിപ്പിച്ച് കൊണ്ടുപോകുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന പിഎഫ് ഐ ഹർത്താലിൽ സംസ്ഥാനത്താകമാനം നിരവധി അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു.