കാര്യവട്ടം സ്റ്റേഡിയത്തിലെ ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാൻ ലോകകപ്പ് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു
|നാളെ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയ-നെർലാൻഡ് മത്സരത്തിനും മഴ ഭീഷണിയുണ്ട്
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാൻ ലോകകപ്പ് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് ഇടാൻ പോലും കഴിയാതെ വന്നതോടെയാണ് കളി ഉപേക്ഷിക്കാൻ അമ്പയർമാർ തീരുമാനിച്ചത്. നാളെ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയ-നെർലാൻഡ് മത്സരത്തിനും മഴ ഭീഷണിയുണ്ട്.
ഇന്നലെ രാത്രി മുതൽ തുടങ്ങിയ മഴ രാവിലെ അൽപ്പമൊന്ന് ശമിച്ചിരുന്നു. എന്നാൽ പത്തുമണിയോടെ വീണ്ടും കനത്ത മഴയായി. ആദ്യം പിച്ചു മാത്രമാണ് മൂടിയിരുന്നത്. എന്നാൽ മഴ കനത്തതോടെ ഔട്ട് ഫീൽഡും മൂടേണ്ട അവസ്ഥയിലേക്ക് എത്തി. കാലാവസ്ഥ അനുകൂലമായാൽ ഓവർ വെട്ടിച്ചുരുക്കി കളി നടത്താനുള്ള ആലോചനയിലേക്ക് ഐ.സി.സി എത്തിയിരുന്നു.
മഴ മാറാതെ വന്നതോടെയാണ് കളി ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. കളി ഉപേക്ഷിച്ചെങ്കിലും ഗ്രൗണ്ടിലെത്തിയ അഫ്ഗാൻ താരങ്ങൾ അരമണിക്കൂറിന് ശേഷമാണ് മടങ്ങിയത്. മഴമൂലം തുമ്പ സെന്റ് സേവിയേഴ്‌സ് ഗ്രൗണ്ടിൽ നടക്കേണ്ടിയിരുന്ന ടീമുകളുടെ പരിശീലനവും ഒഴിവാക്കിയിരുന്നു. നാളെ രണ്ടുമണിക്കാണ് ഓസ്‌ട്രേലിയ - നെതർലാൻഡ് മത്സരം.