Kerala
ഇടവേളകളിൽ ഇനി ജീവനക്കാർക്കും ചില്ലാകാം; ഐ.ടി പാർക്കുകളിൽ ബാറും പബും ആരംഭിക്കാൻ പ്രത്യേക ചട്ടം വരുന്നു
Kerala

ഇടവേളകളിൽ ഇനി ജീവനക്കാർക്കും 'ചില്ലാകാം'; ഐ.ടി പാർക്കുകളിൽ ബാറും പബും ആരംഭിക്കാൻ പ്രത്യേക ചട്ടം വരുന്നു

Web Desk
|
31 March 2022 1:46 AM GMT

ജീവനക്കാർ മദ്യം ഉപയോഗിച്ച് ഓഫിസിലേക്ക് കയറാതിരിക്കാനുള്ള കർശനനിർദേശങ്ങളും ഉണ്ടാകും

ഐ.ടി പാർക്കുകളിൽ മദ്യവിതരണത്തിന് സർക്കാർ പ്രത്യേക ചട്ടം രൂപീകരിക്കും. വിദേശമദ്യ ചട്ടത്തിനു കീഴിലാണ് ഐ.ടി സ്ഥാപനങ്ങളില്‍‌ ബാറും പബും ആരംഭിക്കാൻ പ്രത്യേക നിയമം കൊണ്ടുവരിക. ജോലിസമയത്ത് മദ്യം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ക്രമീകരണമുണ്ടാക്കും.

ബാർ റസ്റ്റോറന്റുകളിലൂടെ ഐ.ടി പാർക്കുകളിൽ ജീവനക്കാർക്കും അതിഥികൾക്കും ഒഴിവുവേളകളിൽ മദ്യപാനത്തിന് അവസരമൊരുക്കാനാണ് മദ്യനയത്തിലെ ശിപാർശ. സംസ്ഥാനത്തെ നിക്ഷേപസൗഹൃദമാക്കുന്നതിന് ഇത്തരം ലൈസൻസുകൾ അനുവദിക്കേണ്ടത് ആവശ്യമാണെന്നാണ് സർക്കാർ വിലയിരുത്തൽ. എന്നാൽ ഇതിന് പ്രത്യേക ചട്ടം രൂപീകരിക്കേണ്ടതുണ്ട്.

ജീവനക്കാർക്ക് പ്രവൃത്തിസമയത്ത് മദ്യപിക്കാനാകില്ല. നിയമത്തിലൂടെ ഇത് ഉറപ്പാക്കും. ജീവനക്കാർ മദ്യം ഉപയോഗിച്ചു കഴിഞ്ഞാൽ ഓഫിസിലേക്ക് കയറാതിരിക്കാനുള്ള കർശനനിർദേശങ്ങളും ഉണ്ടാകും. ഐ.ടി പാർക്കുകളിലെ റസ്‌റ്റോറന്റുകളിലാകും മദ്യം വിതരണം ചെയ്യുക. പുറത്തുനിന്നുള്ളവർക്ക് ഈ സൗകര്യം ഉപയോഗിക്കാനാകില്ല. ഐ.ടി കമ്പനികളുടെ അതിഥികൾക്ക് ഇളവുണ്ടാകും. നടത്തിപ്പിന്റെ പൂർണ ഉത്തരവാദിത്തം ഐ.ടി കമ്പനികൾക്കായിരിക്കും. വീഴ്ചയുണ്ടായാൽ കമ്പനികൾക്കെതിരെ നടപടിയുണ്ടാകും.

ഐ.ടി മേഖലയിലെ ഡെവലപ്പർമാർക്കും കോ-ഡെവലപ്പർമാർക്കും മാത്രമായിരിക്കും ലൈസൻസ് ലഭിക്കുക. നിലവിൽ ബാർ ലൈസൻസ് ഉള്ളവർക്ക് ഐ.ടി പാർക്കുകളിലെ പ്രത്യേക ലൈസൻസ് നൽകില്ല. 10 കോടിക്കുമേൽ വാർഷിക വരുമാനമുള്ള കമ്പനികൾക്കാകും ലൈസൻസിന് അർഹത.

മദ്യശാലകളുടെ എണ്ണം കൂട്ടും; വീര്യം കുറഞ്ഞ മദ്യമെത്തും

പുതുക്കിയ മദ്യനയത്തിന് ഇന്നലെ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. മദ്യശാലകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം വീര്യം കുറഞ്ഞ മദ്യവും സംസ്ഥാനത്തെത്തിക്കാനാണ് തീരുമാനം. പുതുതായി 170ഓളം ഔട്ട്ലെറ്റുകൾ ആരംഭിക്കണമെന്ന ബവ്റിജസ് കോർപറേഷന്റെ നിർദേശത്തിനും അനുമതിയായി.

10 വർഷം പ്രവൃത്തിപരിചയമുള്ള ഐ.ടി സ്ഥാപനങ്ങളിൽ പബിനുള്ള ലൈസൻസ് നൽകാനും തീരുമാനമായി. ടൂറിസം മേഖലയിൽ കൂടുതൽ ഔട്ട്ലെറ്റുകൾ തുറക്കും. വിമാനത്താവളങ്ങളിലും പ്രീമിയം കൗണ്ടറുകൾ വരും. പഴവർഗങ്ങൾ സംഭരിക്കുന്നതും മദ്യം ഉൽപാദിപ്പിക്കുന്നതും ബവ്റിജസ് കോർപറേഷന്റെ മേൽനോട്ടത്തിലായിരിക്കും. കള്ളുഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കുന്നതിൽ തീരുമാനമെടുത്തില്ല.

ലോകായുക്ത ഓർഡിനൻസ് പുതുക്കിയിറക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ സി.പി.ഐ എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സി.പി.ഐക്ക് വ്യത്യസ്ത നിലപാടാണുള്ളതെന്ന് മന്ത്രി കെ. രാജൻ മന്ത്രിസഭയെ അറിയിച്ചു. ബിൽ വരുമ്പോൾ ചർച്ചയാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി പി. രാജീവും പറഞ്ഞു. ഓർഡിനൻസ് പുതുക്കൽ സാങ്കേതികനടപടി മാത്രമാണെന്നും നിയമമന്ത്രി പറഞ്ഞു.

Summary: The state government allows to serve alcohol in IT parks

Similar Posts