അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ മൊഴിയെടുക്കുന്നത് തുടരുന്നു
|മുൻ ഡ്രൈവർ പ്രശാന്ത് ബാബു 2021ൽ നൽകിയ പരാതിയിലാണ് മൊഴിയെടുക്കുന്നത്
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ മൊഴി രേഖപ്പെടുത്തുന്നു. മുൻ ഡ്രൈവർ പ്രശാന്ത് ബാബു 2021ൽ നൽകിയ പരാതിയിലാണ് മൊഴിയെടുക്കുന്നത്. രാവിലെ 11 മണിയോടെയാണ് സുധാകരൻ കോഴിക്കോട് വിജിലൻസ് ഓഫീസിൽ ഹാജാരായത്.
അദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങൾ അടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. സുധാകരന്റെ ഭാര്യ സ്മിത ജോലി ചെയ്തിരുന്ന കണ്ണൂർ ചിറക്കൽ രാജാസ് ഹൈസ്‌ക്കൂൾ ഏറ്റെടുക്കാനായി പിരിച്ച 16 കോടി രൂപയിൽ സുധാകരനും കൂട്ടരും തിരുമറി നടത്തി എന്നുള്ളതാണ് പ്രധാനപ്പെട്ട ആരോപണം. അതോടൊപ്പം ഡി.സി.സി ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണം ഉൾപ്പെടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ കെ സുധാകരൻ മൊഴി നൽകുന്നത്.
കേസിൽ നേരത്തെ സുധാകരന്റെ ഭാര്യ സുധയുടെ ശമ്പള വിവരങ്ങൾ തേടി കണ്ണൂർ കാടാചിറയിലുള്ള ഹൈസ്‌ക്കൂളിലെ പ്രധാനധ്യാപകന് വിജിലൻസ് നോട്ടീസയക്കുകയും അവിടെ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂൺ 26നാണ് പരാതിക്കാരനായ പ്രശാന്ത് ബാബു ഈ കേസ് സംബന്ധിച്ച വിവരങ്ങൾ വിജിലൻസിന് കൈമാറിയത്.