'മാധ്യമങ്ങളിൽ കണ്ട കത്ത് ഞങ്ങൾ തയ്യാറാക്കിയിട്ടില്ല'; മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി
|'ലെറ്റർപാഡ് സൂക്ഷിച്ചിരിക്കുന്നത് എല്ലാവർക്കും എടുക്കാവുന്ന തരത്തിലാണ്'
തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. വിനോദ് ഗിരീഷ് എന്നീ ജീവനക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. മാധ്യമങ്ങളിൽ കണ്ട കത്ത് തങ്ങൾ തയ്യാറാക്കിയിട്ടില്ലെന്ന് ജീവനക്കാർ മൊഴി നൽകി. കൂടാതെ ലെറ്റർ പാഡ് സൂക്ഷിച്ചിരിക്കുന്നത് എല്ലാവർക്കും എടുക്കാവുന്ന തരത്തിലാണെന്നും ജീവനക്കാർ പറഞ്ഞു. കേസിൽ ആനാവൂർ നാഗപ്പൻ, ഹരജിക്കാരനായ ജി.എസ് ശ്രീകുമാർ എന്നിവരുടെ മൊഴി വിജിലൻസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. തൊട്ടു പിന്നാലെയാണ് കോർപ്പറേഷൻ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം കോർപ്പറേഷനിൽ നിയമനവുമായി ബന്ധപ്പെട്ട് മേയർ ആര്യാരേജന്ദ്രൻറെ പേരിലുണ്ടായ കത്ത് വ്യാജമായി തയ്യാറാക്കിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എഫ്. ഐ.ആർ ഉടൻ രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന. പൊതുമരാമത്ത് സ്റ്റാൻഡിങ് കൗൺസിൽ ചെയർമാൻ ഡി.ആർ അനിലിന്റെ മൊഴി അടുത്ത ദിവസം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. അതിനുശേഷം ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.