കോഴിക്കോട് സിവിൽ സ്റ്റേഷനിൽ എൻ.ജി.ഒ നടത്തിവന്ന സമരം പിൻവലിച്ചു
|സമരം മൂലം നഷ്ടമായ സമയം നികത്താൻ അധികസമയം ജോലി ചെയ്യുമെന്ന് യൂണിയൻ അറിയിച്ചു
കോഴിക്കോട് സിവിൽ സ്റ്റേഷനിലെ എൻജിഒ നടത്തിവന്ന സമരം പിൻവലിച്ചു. കളക്ടറുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തു തീർപ്പായത്. 10 വില്ലേജ് ഓഫീസർമാരുടെ സ്ഥലംമാറ്റം പിൻവലിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. സമരം മൂലം നഷ്ടമായ സമയം നികത്താൻ അധികസമയം ജോലി ചെയ്യുമെന്ന് യൂണിയൻ അറിയിച്ചു.
ജീവനക്കാരുടെ കൂട്ടസ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ സമരം നടത്തിയിരുന്നത്. കോഴിക്കോട് റവന്യൂ വകുപ്പിലെ 16 ഓഫീസർമാരെ സ്ഥലം മാറ്റി ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ ജീവനക്കാർ കൂട്ടത്തോടെ സമരത്തിനിറങ്ങുകയായിരുന്നു. 12ദിവസത്തെ സമരത്തിനു ശേഷമാണ് പ്രശ്‌നം ഒത്തു തീർപ്പായത്.
ഒരു തസ്തികയിൽ മൂന്ന് വർഷം ഇരിക്കുക പോലും ചെയ്യാത്തവരെ ഒരുമിച്ച് സ്ഥലം മാറ്റിയെന്നാണ് ജീവനക്കാരുടെ ആക്ഷേപം. സംഘടനയിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് പ്രതികാരനടപടിയെന്നോണം സ്ഥലംമാറ്റിയെന്നാണ് യൂണിയൻ ആരോപിക്കുന്നത്.
ഫെബ്രുവരി 11-ന് ഈ കൂട്ടസ്ഥലം മാറ്റ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻജിഒ യൂണിയൻ മണിക്കൂറുകളോളം ജില്ലാ കളക്ടറെ ഉപരോധിച്ചിരുന്നു. എന്നാൽ അന്നും ഉത്തരവ് പിൻവലിക്കാൻ തയ്യാറല്ലെന്നായിരുന്നു കളക്ടറുടെ ഉറച്ച നിലപാട്.