റേഷൻ കരാറുകാരുടെ സമരം പിൻവലിക്കണം -മന്ത്രി ജി.ആർ. അനിൽ
|‘വിതരണക്കാരുടെ സമരം ഈ മാസത്തെ റേഷൻ വിതരണത്തെ ബാധിച്ചിട്ടില്ല’
തിരുവനന്തപുരം: ഒരു വിഭാഗം റേഷൻ വിതരണക്കാർ പ്രഖ്യാപിച്ച സമരം പിൻവലിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. കമീഷൻ തുക ഉടൻ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
വിതരണക്കാരുടെ സമരം ഈ മാസത്തെ റേഷൻ വിതരണത്തെ ബാധിച്ചിട്ടില്ല. ഈ മാസത്തെ റേഷൻ വിഹിതത്തിന്റെ 75 ശതമാനവും കടകളിൽ എത്തിയിട്ടുണ്ട്.
വിതരണക്കാർക്ക് 2023 സെപ്റ്റംബർ വരെയുള്ള കമീഷൻ പൂർണമായും നവംബറിലെ കമീഷൻ ഭാഗികമായും നൽകിയിട്ടുണ്ട്. പണിമുടക്ക് നിരുത്തരവാദപരമാണെന്ന് ജി.ആർ. അനിൽ പറഞ്ഞു. ഡിസംബർ മാസത്തെ കമീഷൻ നൽകാൻ 38 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.
100 കോടി രൂപ കുടിശ്ശികയായതോടെ റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന കരാറുകാര്‍ ശനിയാഴ്ച മുതലാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ട്രാൻസ്പോർട്ടിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ യോഗമാണ് സമരം പ്രഖ്യാപിച്ചത്.
എഫ് സി ഐ ഗോഡൗണിൽനിന്ന് റേഷൻ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കും ഭക്ഷ്യധാന്യങ്ങള്‍ വിതരണത്തിനെത്തിക്കുന്ന കരാറുകാരാണ് സമരം ചെയ്യുന്നത്. കുടിശ്ശിക തീര്‍ത്ത് പണം കിട്ടിയിട്ട് മാത്രമേ ഇനി റേഷൻ വിതരണത്തിനുള്ളൂ എന്നാണ് കരാറുകാരുടെ നിലപാട്.