Kerala
മുദ്രവച്ച കവറിനെ ചാട്ടവാറുപോലുള്ള വാക്കുകൊണ്ടാണ് സുപ്രീംകോടതി തള്ളിയത്- മീഡിയവണ്‍ സംപ്രേഷണ വിലക്കില്‍ ടി. പത്മനാഭന്‍
Kerala

'മുദ്രവച്ച കവറിനെ ചാട്ടവാറുപോലുള്ള വാക്കുകൊണ്ടാണ് സുപ്രീംകോടതി തള്ളിയത്'- മീഡിയവണ്‍ സംപ്രേഷണ വിലക്കില്‍ ടി. പത്മനാഭന്‍

Web Desk
|
26 March 2022 5:10 PM GMT

''അടുത്ത കാലത്തായി മറ്റൊരു രീതി വന്നിട്ടുണ്ട്. ഭരണാധികാരിക്ക് ഒരു വ്യക്തിയോടോ സ്ഥാപനത്തോടോ എന്തെങ്കിലും അനിഷ്ടം സംഭവിച്ചാൽ അവരെ കാരണമൊന്നും കാണിക്കാതെ തന്നെ കുറ്റം ചുമത്തി ജയിലിലിടുന്നു...''

കോഴിക്കോട്: മീഡിയവണ്‍ വിലക്കിലെ സുപ്രീംകോടതി വിധി മനുഷ്യരിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതാണെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. മുദ്രവച്ച കവറിനെ കോടതി വിമര്‍ശിച്ചതും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. 'മാധ്യമം' ആഴ്ചപ്പതിപ്പിന്റെ രജതജൂബിലി പ്രഖ്യാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പത്മനാഭൻ.

ജനങ്ങൾ വളരെ ശ്രദ്ധാപൂർവവും സഹാനുഭൂതിയോടെയുമാണ് മീഡിയവണിന്റെ വിലക്ക് ശ്രദ്ധിച്ചത്. ഒരാൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ എന്ത് കുറ്റമാണ് ചെയ്തതെന്ന് അയാൾ അറിയണം. അയാളുടെ വക്കീൽ അറിയണം. അവനെതിരായ തെറ്റുകളുടെ വിശദവിവരങ്ങൾ അറിയണം. വിധി പറയുമ്പോൾ എന്തെങ്കിലും പയാനുണ്ടോ എന്ന് കോടതി ചോദിക്കാറുണ്ട്. ഇതൊക്കെ നാട്ടിലുള്ള പൊതുരീതികളാണെന്നും ടി. പത്മനാഭൻ പറഞ്ഞു.

''അടുത്ത കാലത്തായി മറ്റൊരു രീതി വന്നിട്ടുണ്ട്. ഭരണാധികാരിക്ക് ഒരു വ്യക്തിയോടോ സ്ഥാപനത്തോടോ എന്തെങ്കിലും അനിഷ്ടം സംഭവിച്ചാൽ അവരെ കാരണമൊന്നും കാണിക്കാതെ തന്നെ കുറ്റം ചുമത്തി ജയിലിലിടുന്നു. മീഡിയവണിന്റെ ലൈസൻസ് കാലാവധി കഴിഞ്ഞപ്പോൾ അത് പുതുക്കിക്കൊടുത്തില്ല. അതിന്റെ കാരണവും വ്യക്തമാക്കിയില്ല. ചാനൽ ഹൈക്കോടതിയെ സമീപിച്ചപ്പോൾ സർക്കാർ ഒരു മുദ്രവച്ച കവർ സമർപ്പിക്കുകയായിരുന്നു.''

മനുഷ്യരിലുള്ള വിശ്വാസം വർധിപ്പിക്കുന്ന അനുഭവമാണ് മീഡിയവൺ വിലക്ക് സംബന്ധിച്ച കേസിൽ സുപ്രീംകോടതിയിൽനിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചാട്ടവാറുപോലെയുള്ള വാക്ക് ഉപയോഗിച്ചാണ് മുദ്രവച്ച കവർ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയത്. അതിനിശിതമായി ഇതിനോട് യോജിക്കാൻ കഴിയില്ലെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം പറയുകയും ചെയ്തു. കോടതി അന്തിമമായി തീർപ്പ് കൽപിച്ചിട്ടില്ല. ഒരുകാര്യം മീഡിയവണിനോട് നിങ്ങൾ അന്തിമവിധി വരുംവരെ സംപ്രേഷണം തുടർന്നുകൊള്ളൂവെന്ന് പറയുകയും ചെയ്‌തെന്നും പത്മനാഭൻ ചൂണ്ടിക്കാട്ടി.

Summary: 'The Supreme Court rejected the sealed cover of the central government with harsh words', says writer T. Padmanabhan

Similar Posts