Kerala
cardinal mar george alencherry

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Kerala

സഭാ ഭൂമിയിടപാട് കേസ്; കര്‍ദിനാള്‍ ആലഞ്ചേരിക്ക് തിരിച്ചടി

Web Desk
|
17 March 2023 5:30 AM GMT

ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ചാണ് കർദിനാൾ ഉൾപ്പെടെ നൽകിയ ഹരജികളിൽ വാദം കേട്ടത്

ഡല്‍ഹി: സീറോമലബാർ സഭ ഭൂമി ഇടപാട് കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി. കേസുകൾ റദ്ദാക്കണമെന്ന കർദിനാളിന്‍റെ ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ചാണ് കർദിനാൾ ഉൾപ്പെടെ നൽകിയ ഹരജികളിൽ വാദം കേട്ടത്. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കർദിനാൾ സുപ്രീം കോടതിയെ സമീപിച്ചത്.

സിറോ മലബാര്‍ സഭയുടെ എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസ് റദ്ദാക്കാനാകില്ലെന്ന വിധിയിലാണ്, പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കുന്നതിന് ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. ഇതിനെതിരെ സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയും സിറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപതയും ആണ് സുപ്രീംകോടതിയെ സമീപിച്ചത്.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ. സിറോ മലബാർ സഭ ഭൂമി കച്ചവടത്തിൽ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് ഇഡി കേസെടുത്തത്. ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നതായും ഇഡി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഭൂമി വിൽപനയിലെ ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വ്യാജപട്ടയം ഉണ്ടാക്കിയും തണ്ടപ്പേര് തിരുത്തിയും ഇടപാട് നടന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.




Similar Posts