പീഡനക്കേസ്; സിദ്ദീഖിന്‍റെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും
|ഡിജിറ്റൽ തെളിവുകൾ കൈമാറിയിട്ടില്ലെന്നും അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്
കൊച്ചി: പീഡനക്കേസിൽ നടൻ സിദ്ദിഖിന്‍റെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുന്നിൽ ഹാജരായെന്ന് വ്യക്തമാക്കി സുപ്രിം കോടതിയിൽ സിദ്ദീഖ് ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പൊലീസ് ആവശ്യപ്പെട്ടതിൽ തന്‍റെ കൈവശമുള്ളത് കൈമാറിയെന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. ഫോൺ നമ്പർ വിവരങ്ങളും കൈമാറി,പഴയ ഫോണുകൾ കൈയിൽ ഇല്ലെന്നും സിദിഖ് സത്യവാങ്മൂലത്തിൽ പറയുന്നു.
ഡിജിറ്റൽ തെളിവുകൾ കൈമാറിയിട്ടില്ലെന്നും അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്‍റെ ആവശ്യം. പരാതിക്കാരിക്കെതിരായ വാട്ട്സ്ആപ്പ് രേഖകൾ ഹാജരാക്കുമെന്ന് അറിയിച്ചിരുന്ന സിദ്ദീഖ്, 2016-17 കാലത്തെ ഫോൺ, ഐപാഡ്, ക്യാമറ എന്നിവ കൈവശമില്ലെന്ന് മൊഴി നല്‍കിയിരുന്നു. പരാതിക്കാരിയുമായി ഇതുവരെ ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്ന് അവകാശപ്പെട്ട താരം ഇന്ന് ബാങ്ക് രേഖകൾ മാത്രമാണ് ഹാജരാക്കിയത്. ഇത് അന്വേഷണത്തിൽ നിർണായകമല്ലെന്ന് പൊലീസ് പറയുന്നു.
2014 മുതൽ തന്നോട് ഫോണിൽ ബന്ധപ്പെടുന്നതായുള്ള നടിയുടെ മൊഴി ചോദ്യം ചെയ്യലിൽ സീദ്ദിഖ് നിഷേധിക്കുകയും ചെയ്തു. 2014 മുതൽ 2017 വരെ ഉപയോഗിച്ചിരുന്ന ഫോൺ തന്റെ കൈവശമില്ലെന്നും സിദ്ദീഖ് പറഞ്ഞു. സിദ്ദീഖ് മറുപടി നൽകിയത് ഒന്നോ രണ്ടോ വരിയിൽ മാത്രമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.