തെരുവുനായ പ്രശ്നം; 28ന് ഇടക്കാല ഉത്തരവിറക്കുമെന്ന് സുപ്രിംകോടതി
|ആക്രമണങ്ങളുടെ പേരിൽ നായകളെ കൊല്ലാൻ അനുവദിക്കരുതെന്ന് മ്യഗസ്നേഹികൾ വാദിച്ചു.
ന്യൂഡൽഹി: തെരുവുനായ പ്രശ്നം പരിഹരിക്കുന്നത് സംബന്ധിച്ച് ഈ മാസം 28ന് ഇടക്കാല ഉത്തരവ് ഇറക്കുമെന്ന് സുപ്രിംകോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
തെരുവുനായ പ്രശ്നം പരിഹരിക്കാൻ നിലവിലെ ചട്ടങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് സുപ്രിംകോടതി വ്യക്തമാക്കി. തെരുവിലൂടെ നടക്കുന്നവരെ നായ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, ആക്രമണങ്ങളുടെ പേരിൽ നായകളെ കൊല്ലാൻ അനുവദിക്കരുതെന്ന് മ്യഗസ്നേഹികൾ വാദിച്ചു. വാക്‌സിൻ എടുത്തവർ പോലും മരിക്കുകയാണെന്ന് ഹരജിക്കാർ കോടതിയെ അറിയിച്ചു.
സ്ത്രീകളും കുട്ടികളും ദിവസവേതനക്കാരുമാണ് തെരുവനായ്ക്കളുടെ ആക്രമണത്തിന് ഇരകളാകുന്നവരില്‍ ഏറെയുമെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചു.
പ്രശ്ന പരിഹാരത്തിന് ഇടപെടുമെന്ന് പറഞ്ഞ കോടതി എല്ലാ കക്ഷികളോടും നിർദേശങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. തെരുവുനായ പ്രശ്‌നം പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയോട് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയത്തിൽ കേസ് ഈ മാസം 26ന് പരിഗണിക്കുമെന്നാണ് നേരത്തെ കോടതി സൂചിപ്പിച്ചിരുന്നത്. എന്നാൽ നായയുടെ കടിയേറ്റ് പത്തനംതിട്ടയിലെ അഭിരാമി മരിച്ചതടക്കം ചൂണ്ടിക്കാട്ടി അഭിഭാഷകൻ വി.കെ ബിജു അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.